പെരുമ്പാവൂര്‍ : ഫ്രാന്‍സിലേക്ക് ജോലി വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഒക്കല്‍ കിണത്തടി വിള ആനന്ദ് (33) നെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്. ചേരാനല്ലൂര്‍ സ്വദേശികളായ രണ്ടുപേരില്‍ നിന്നായി നാല് ലക്ഷം രൂപ വീതമാണ് ഇയാള്‍ വാങ്ങിയത്. പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നെടുമ്പാശേരിയിലെ ഹോട്ടല്‍ ജീവനക്കാരനായിരുന്ന ആനന്ദ് സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഡിവൈഎസ്പി പി.പി.ഷംസ്, ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസ് എസ്‌ഐ പി.ജെ.കുര്യാക്കോസ്, എസ്സിപിഒമാരായ പ്രസിന്‍ രാജ്, സുനില്‍ കുമാര്‍ സിപിഒ ബെന്നി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
