കോതമംഗലം : കേരള സർക്കാരിന്റെ ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി കൃഷിഭവനുകൾ മുഖേന നടത്തുന്ന ഓണച്ചന്തകൾ കോതമംഗലത്ത് പ്രവർത്തനമാരംഭിച്ചു. 11,12,13,14 തീയതികളിലാണ് ചന്തകൾ പ്രവർത്തിക്കുന്നത്. പച്ചക്കറികളുടെ അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് വിപണികൾ പ്രവർത്തിക്കുന്നത്. കൃഷിഭവൻ തലത്തിൽ പ്രവർത്തിക്കുന്ന എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററുകൾ ആഴ്ച ചന്തകൾ ഇക്കോ ഷോപ്പുകൾ കൃഷിക്കൂട്ടങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ഓണ ചന്തകൾ സംഘടിപ്പിക്കുന്നത്. ഓണ ചന്തയ്ക്ക് വേണ്ടി കർഷകരിൽ നിന്ന് കൃഷിഭവനകൾ മുഖേന നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾക്കു പൊതു വിപണിയുടെ മൊത്ത വ്യാപാരവിലയെക്കാൾ 10% അധികവില നൽകുന്നതാണ്.
സംഭരിച്ച പച്ചക്കറികൾ പൊതു വിപണിയിലെ ചില്ലറ വില്പന വിലയേക്കാൾ 30% വരെ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് വിൽപ്പന നടത്തുന്നത്. ഓണ ചന്തകൾക്കു ആവശ്യമായ മറുനാടൻ പച്ചക്കറികൾ ഹോർട്ടികോർപ്പിൽ നിന്നാണ് സംഭരിക്കുന്നത്. കോതമംഗലം ബ്ലോക്കിൽ ഹോർട്ടികോർപ്പിൽ നിന്ന് ഏകദേശം ഏഴു ടൺ പച്ചക്കറികളാണ് സംഭരിച്ചിട്ടുള്ളത്. ഏകദേശം 20 ടണ് ഓളം പച്ചക്കറികൾ കോതമംഗലം ബ്ലോക്കിലെ 11 കൃഷിഭവനകൾ മുഖേന വിപണനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. കോതമംഗലത്തെ ഓണച്ചന്തയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്നലെ രാവിലെ പത്തുമണിക്ക് കോതമംഗലം ചെറിയ പള്ളിത്താഴത്ത് വെച്ച്(സൗത്ത് ഇന്ത്യൻ ബാങ്കിന് )സമീപം കോതമംഗലം എംഎൽഎ ആന്റണി ജോൺ നിർവഹിച്ചു മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷതവഹിച്ച ചടങ്ങിൽ മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ സ്വാഗതം ആശംസിച്ചു. സ്റ്റാൻഡിങ് കമ്മിറ്റിചെയര്മാന്മാർ മുനിസിപ്പൽ കൗൺസിലർമാർ, കോതമംഗലം കൃഷി അസിസ്റ്റന്റ്ഡയറക്ടർ പ്രിയമോൾ തോമസ്, മുനിസിപ്പാലിറ്റി അഗ്രിക്കൾചറൽ ഫീൽഡ് ഓഫീസർ സതി പി. ഐ കൃഷിഭവൻ ഉദ്യോഗസ്ഥർ കർഷകർ എന്നിവർ പങ്കെടുത്തു. കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് 25 കിലോ നാടൻ കറിവേപ്പില വിപണിയിലേക്ക് സൗജന്യമായി നൽകി.