കോട്ടപ്പടി: വിരണ്ടോടിയ എരുമ കോട്ടപ്പടിയിൽ വീട്ടമ്മയെ ആക്രമിച്ചു. ഓടക്കാലി ഭാഗത്തു നിന്ന് വന്ന എരുമയാണ് വീട്ടമ്മയെ ആക്രമിച്ചത്. കോട്ടപ്പടി വടശ്ശേരി പാറച്ചാലി പാറയിലാണ് സംഭവം. ഇന്ന് രാവിലെ മുറ്റമടിച്ചുകൊണ്ടിരിക്കുന്നതിനിടിയിലാണ് വീട്ടമ്മയെ ആക്രമിച്ചത്. കോതമംഗലം ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി സാഹസികമായി എരുമയെ പിടികൂടി. കോതമംഗലം ഫയർ സ്റ്റേഷനിലെ അസ്സി. സ്റ്റേഷൻ ഓഫീസർ സജി മാത്യു, ഗ്രേഡ് അസ്സി. സ്റ്റേഷൻ ഓഫീസർ കെ.എം മുഹമ്മദ് ഷാഫി, ഫയർമാൻമാരായ അരുൺ കുമാർ, സൽമാൻ ഖാൻ, കെ.എം. അഖിൽ, ജോബി വർഗ്ഗീസ്, പി.എം ഷംജു, നിസാമുദ്ദീൻ എന്നിവരുടെ കൈമെയ് മറന്നുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് എരുമയെ പിടികൂടാനായത്.
ഓടക്കാലിയിൽ ഇറച്ചി ആവശ്യത്തിനായി കൊണ്ടുവന്ന എരുമയാണ് കയറഴിഞ്ഞു ഓടിയത്. കിലോമീറ്ററുകൾ താണ്ടി വടാശ്ശേരിയിൽ എത്തിയാണ് വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ചത്. തുടർന്ന് ഓടിയ എരുമയെ മണിക്കൂറുകൾക്ക് ശേഷമാണ് കഴുത്തിൽ കുടിക്കിട്ട് കീഴ്പെടുത്താനായത്. പരിക്ക് പറ്റിയ വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകാരുടെയും ഫയർ ഫോഴ്സിന്റെയും സംയോജിത പ്രവർത്തനത്തിലൂടെയാണ് എരുമയെ പിടികൂടാനായത്.