ഓടക്കാലി: അശമന്നൂർ പഞ്ചായത്തിലെ ഓടക്കാലിക്ക് സമീപം പൂമലയിൽ മണ്ണിട്ട് നികത്തിക്കൊണ്ടിരുന്ന പാറമടയിലേക്ക് ടിപ്പർ ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു. കോട്ടപ്പടി ആയപ്പാറ ഒറ്റാക്കുഴി സജീവിന്റെ മകൻ സച്ചു (24 ) ആണ് മരണപ്പെട്ടത്. ഉപയോഗ്യ ശൂന്യമായി കിടന്നിരുന്ന പാറമട നികത്തുന്നതിന്റെ ഭാഗമായി പ്ലൈവുഡ് കമ്പനികളിലെ മാലിന്യവുമായി വന്ന ലോറി പിറകോട്ട് എടുത്ത് മാലിന്യം നിക്ഷേപിക്കാൻ ശ്രമിക്കുമ്പോൾ ആണ് അപകടം സംഭവിക്കുന്നത്. ഏകദെശം നൂറ് അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ ടിപ്പർ ലോറിയുടെ മുൻഭാഗം മാലിന്യ കൂമ്പാരം നിറഞ്ഞ ചെളിയിലേക്ക് പുതയുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് സച്ചുവിനെ പുറത്തെടുത്തത്. ടിപ്പർ ലോറിയിൽ കൂടെയുണ്ടായിരുന്നയാളാണ് അപകടം നടന്ന വിവരം നാട്ടുകാരെ അറിയിച്ചത്.
