പെരുമ്പാവൂർ : അശമന്നൂർ ഗ്രാമപഞ്ചായത്തിലെ ഓടക്കാലി – തലപ്പുഞ്ച – മേതല കല്ലിൽ റോഡ് റണ്ണിങ് കോൺട്രാക്ടിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപയുടെ പ്രവൃത്തിയ്ക്ക് തുടക്കം കുറിച്ചു. ഈ റോഡിലെ ഏറ്റവും മോശമായിട്ടുള്ള 200 മീറ്റർ ഭാഗങ്ങളിൽ ടൈൽസ് വിരിക്കുന്നതിനും, ബാക്കിയുള്ള ഭാഗങ്ങളിൽ ടാറിങ് ചെയ്യുന്നതുമാണ് പ്രവൃത്തി.
20 വർഷങ്ങൾക്കു മുമ്പാണ് ഈറോഡ് പൂർണമായി ടാർ ചെയ്തിട്ടുള്ളത്. ഈ പ്രദേശത്തെ നിരവധി പ്ലൈവുഡ് വ്യവസായ സ്ഥാപനങ്ങളിലേക്ക് 50 ടണ്ണോളം ഭാരം വരുന്ന വലിയ വാഹനങ്ങൾ ദിനംപ്രതി സഞ്ചരിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ ചെറുവാഹനങ്ങൾക്കും, കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു. ചരിത്ര പ്രാധാന്യമുള്ള കല്ലിൽ ഗുഹാക്ഷേത്രത്തിലേക്ക് കോതമംഗലം ഉൾപ്പെടെയുള്ള ഹൈറേഞ്ച് ഭാഗങ്ങളിൽ നിന്ന് എത്തുന്നവർ ഉപയോഗിച്ചിരുന്ന പ്രധാന പാതയാണിത്.
ഈ പ്രവർത്തിയുടെ ടെൻഡർ നടപടികൾ രണ്ട് മാസം മുൻപ് പൂർത്തീകരിച്ചതാണ്. വർഗീസ് കുട്ടി എന്ന കരാറുകാരൻ വർക്ക് ഏറ്റെടുത്തിട്ടുള്ളതാണ്. കാലാവസ്ഥ അനുകൂലമായതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന് പന്ത്രണ്ടാം വാർഡ് മെമ്പർ പി പി രഘുകുമാർ കർത്ത, എൽദോസ് കുന്നപ്പള്ളി എംഎൽഎ എന്നിവർ അറിയിച്ചു.
കൂടാതെ പുല്ലുവഴി – കല്ലിൽ റോഡ്, ചെറുകുന്നം – കല്ലിൽ റോഡ്, കുറുപ്പുംപടി കുറിച്ചിലക്കോട് റോഡ് തുടങ്ങിയ പ്രവർത്തികൾക്ക് റണ്ണിങ് കോൺട്രാക്ടിൽ ഉൾപ്പെടുത്തി ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുള്ളതാണ്. ഈ വർക്കുകളും സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ എന്നിവർ അറിയിച്ചു.