കോതമംഗലം : സമൂഹ മന:സാക്ഷിയെ ഞെട്ടിച്ച നിർഭയ കേസ്സിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയ ദിവസം ഈ വിഷയം “നിർഭയ” എന്ന പേരിൽ കവിതയാക്കിയ എൽദോസ് പുന്നേക്കാട് എന്ന യുവാവ് ശ്രദ്ധേയനാകുന്നു. “നിർഭയ – ഭയമില്ലാത്തവൾ എന്നിട്ടും അവളുടെ കണ്ണുകളിൽ ഭീതിയുടെ അഗ്നിജ്വലിച്ചു’ എന്നു തുടങ്ങുന്ന കവിതയിൽ നിസഹായയായ ഒരു പെൺകുട്ടിയുടെ ദൈന്യത ആരുടേയും മനസ്സിൽ നൊമ്പരമുണർത്തും. വിധി നടപ്പാക്കിയ അതേ ദിവസം തന്നെ എഴുതപ്പെട്ട കവിതയ്ക്ക് വായനക്കാരിൽ വലിയ സ്വീകാര്യത ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിനോടകം കവിത നവ മാധ്യമങ്ങളിൽ വൈറലാകാനും തുടങ്ങി. ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളെ കവിതകളാക്കുന്നതിൽ ശ്രദ്ധ പതിപ്പിക്കുന്ന കലാകാരനാണ് എൽദോസ് പുന്നേക്കാട്.
ക്ലാസ്സ് റൂമിൽ വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരണപ്പെട്ട സംഭവം” മകളേ നിനക്കായ് ” എന്ന പേരിലും, പെറ്റമ്മ കുഞ്ഞിനെ കടലിൽ എറിഞ്ഞു കൊന്ന സംഭവത്തെ ആസ്പദമാക്കി “എന്തിനാണമ്മേ ” എന്ന പേരിലും കവിതകളെഴുതി ശ്രദ്ധ നേടി. 150-ൽപ്പരം കവിതകളെഴുതിയിട്ടുണ്ട്. കോതമംഗലത്തിന്റെ ചരിത്രം “നാൾവഴികൾ” എന്ന പേരിൽ ഡോക്യം മെന്ററിയാക്കിയ ഇദ്ദേഹത്തിന് മുൻ എംപി ജോയ്സ് ജോർജ്ജ് പ്രത്യേക പുരസ്കാരം നല്കിയിരുന്നു. സ്വന്തം നാടിനെക്കുറിച്ച് “തത്തകളുടെ നാട്” എന്ന പേരിൽ എടുത്ത ഹൃസ്വചിത്രവും ശ്രദ്ധിക്കപ്പെട്ടു. പാരഡിഗാനങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ക്യാമറമാൻ, ഫിലിം എഡിറ്റർ, ഡംബിഗ് ആർട്ടിസ്റ്റ് എന്നിനിലകളിലും ഇദ്ദേഹം പ്രസിദ്ധനാണ്. ഉടൻ തന്നെ ഒരു കവിത സമാഹാരം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് വേറിട്ട ഈ കലാകാരൻ.