കോതമംഗലം: ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്ത് മലയോര മേഖലകളിലേക്കും മറ്റുമുള്ള യാത്രാ ക്ലേശങ്ങള്‍ക്ക് പരിഹാരമേകാന്‍ ആന്റണി ജോണ്‍ എംഎല്‍എയുടെ ഇടപെടലിന്റെ ഭാഗമായി കോതമംഗലം കെഎസ്ആര്‍ടിസി യൂണിറ്റിന് അനുവദിച്ച കോതമംഗലം- തേനി- എറണാകുളം ഇന്റര്‍ സ്റ്റേറ്റ് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിന്റെ ഫ്ളാഗ് ഓഫ് കര്‍മ്മം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. കോതമംഗലം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഭാനുമതി രാജു അധ്യക്ഷയായി. കെഎസ്ആര്‍ടിസിക്ക് സ്പോണ്‍സര്‍ഷിപ്പ് നല്കിയ സൈറസ് കമ്പ്യൂട്ടര്‍ മാനേജിംഗ് ഡയറക്ടര്‍ ജോബി ജോസഫിനെ ചടങ്ങില്‍ ആദരിച്ചു.
കോതമംഗലം- തേനി സര്‍വീസിനായി റൂട്ട് മാപ്പ് തിരിച്ചറിയുന്നതിനുള്ള ബോര്‍ഡുകളും മറ്റ് ആവശ്യസാധനങ്ങളും ഐസ്ബര്‍ഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് സ്പോണ്സര് ചെയ്തു. സ്ഥാപന ഉടമ അന്‍സല്‍, പങ്കാളികളായ ബദുഷയും ഷാനും ചേര്‍ന്ന് റൂട്ട് ബോര്‍ഡുകള്‍ എംഎല്‍എയ്ക്ക് കൈമാറി. സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി ഈ സംരംഭത്തിന് പിന്തുണ നല്കാന് കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഐസ്ബര്‍ഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് പ്രതിനിധികള്‍ അറിയിച്ചു.
പുതിയ ബസ് സര്‍വീസ് പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കും വലിയ സഹായമാകുമെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ബേബി പൗലോസ് ,ജനറല്‍ കണ്ട്രോളിന് ഇന്‍സ്പെക്ടര്‍ അനസ് ഇബ്രാഹിം , അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയര്‍ ജോണ്സണ് ജോസഫ് , സ്പെഷ്യല്‍ അസിസ്റ്റന്റ് പ്രീറ്റ്സി പോള്‍, ബി ടി സി ജില്ലാ കോര്‍ഡിനേറ്റര്‍ രാജീവ് എന്‍ ആര്, ജയ്സണ്‍, സിമോന്‍ എ ഡി, സിദ്ദിഖ്, ഫ്രാന്സിറ്റി ചെറിയാന്, രാജീവ് എന്‍, ശശി എ കെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.






















































