കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിയില്‍ കൊലകൊല്ലി കാട്ടുകൊമ്പൻ വീണ്ടുമെത്തി വ്യാപക കൃഷിനാശം വരുത്തി. ചൊവ്വാഴ്ച രാത്രിയെത്തിയ കാട്ടുകൊമ്പന്‍ നിരവധി കാര്‍ഷീക വിളകള്‍ നശിപ്പിച്ചു.തെങ്ങും വാഴയുമെല്ലാം ആന ചവിട്ടിമെതിച്ചു.ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്.രാത്രി മുഴുവന്‍ ആന കൃഷിയിടങ്ങളില്‍ വിലസുകയായിരുന്നു.ഒരാഴ്ച മുമ്പ് ഇന്ദിര രാമകൃഷ്ണന്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ സമീപ പ്രദേശത്താണ് ആന വീണ്ടുമെത്തിയത്.
ഇന്ദിരയെ കൊന്ന അതേ കൊമ്പന്‍തന്നെയായിരുന്നു ഇതെന്നാണ് നാട്ടുകാര്‍ കരുതുന്നത്.ഇന്ദിരയുടെ മരണത്തിന് ശേഷം ആനശല്യം ഇല്ലാതാക്കാന്‍ വിവിധ നടപടികള്‍ സർക്കാർ പ്രഖ്യാപിച്ചിരുന്നു.ആര്‍.ആര്‍.റ്റി.യെ നിയോഗിച്ച് ആനകള്‍ ജനവാസമേഖലകളിറങ്ങുന്നില്ലെന്ന് ഉറപ്പാക്കുമെന്നും പ്രഖ്യാപനങ്ങളിലുണ്ടായിരുന്നു.എന്നാല്‍ ആനകള്‍ പതിവുപോലെ എത്തുമ്പോള്‍ ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാതെ ഉറക്കം നഷ്ടപ്പെട്ട് ആധിയോടെ കഴിയാനാണ് കാഞ്ഞിരവേലിക്കാരുടെ വിധി.കാഞ്ഞിരവേലി നീണ്ടപാറ പ്രദേശങ്ങൾ വന്യ മ്യഗ ഭീതിയിലാണ് കഴിയുന്നത്.