കോതമംഗലം :കവളങ്ങാട് പഞ്ചായത്തിലെ കിഴക്കൻ പ്രദേശമായ നേര്യമംഗലത്തെ നാല്പത്തിയാറേക്കർ ഭാഗത്ത് മുകളിലായി ഇടുക്കി- എറണാകുളം പ്രധാന റോഡ് കടന്നു പോകുന്ന ഭാഗത്ത് സ്ഥിരമായി മണ്ണിടിച്ചിൽ ഭീക്ഷണി നേരിടുകയാണ്.ദുരന്തമേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന ഈ പ്രദേശത്ത് തുടർച്ചയായ മഴ ഉണ്ടാകുന്ന ദിവസങ്ങളിൽ മലനിരക്കിൽ നിന്നു ദിനംപ്രതി റോഡിലേക്ക് മണ്ണും ചെളികളും, മറ്റ് വൻ മരങ്ങളും പതിച്ച് രാത്രികാല ദീർഘദൂര യാത്രക്കാരുടെ ഗതാഗതം ഉൾപ്പെടെ പൂർണ്ണമായും സ്തംഭിക്കുകയും, ദിവസങ്ങളോളം അധികൃതരും നാട്ടുകാരും ഇടപെട്ടാണ് മണ്ണും മരങ്ങളും നീക്കം ചെയ്ത് റോഡ് സഞ്ചാരയോഗ്യമാക്കുന്നത്.
മണ്ണിടിയുന്ന ഈ പ്രദേശത്തെ റോഡിന് താഴ്ഭാഗത്തായി സാധാരണക്കാരായ നിരവധി കുടുംബങ്ങൾ താമസിച്ചു വരുന്നു. മഴ ശക്തമാകുമ്പോൾ ഇവിടെത്തെ ജനങ്ങൾ ഭീതിയോടെയാണ് കഴിഞ്ഞു പോകുന്നത്. കാലവർഷം ശക്തമാകുന്നതിന് മുമ്പായി ജനങ്ങളുടെ ആശങ്കയും ഭീതിയും പൂർണ്ണമായും അകറ്റുന്നതിനായി മൈനിംഗ് ആൻഡ് ജിയോളജി വിഭാഗത്തിൻ്റേയും, ദുരന്ത നിവാരണ വകുപ്പിൻ്റേയും വിദഗ്ദ സംഘം അടിയന്തിരമായി ഈ സ്ഥലത്ത് സന്ദർശനം നടത്തി ഇപ്പോഴുള്ള ഈ ഭാഗത്തെ മണ്ണിൻ്റെ ഘടനാപരമായ വശങ്ങളെ കുറിച്ച് പഠനം നടത്തുകയും, ശാസ്ത്രീയമായി സംരക്ഷണഭിത്തി ഉൾപ്പെടെ നിർമ്മിച്ചു കൊണ്ട് പൂർണ്ണമായും പരിഹാര കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കണമെന്ന് റവന്യൂമന്ത്രി, എം.പി, എം.എൽ.എ, ജില്ലാ കളക്ടർ എന്നിവർക്ക് കവളങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൻസിയ.ബിജു നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.