കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴി പഞ്ചായത്തിൽ ചെറുവട്ടൂരിൽ പുതിയ മാവേലി സ്‌റ്റോർ ഉടൻ ആരംഭിക്കുമെന്ന് ബഹു ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ നിയമസഭയിൽ വ്യക്തമാക്കി.ഇതു സംബന്ധിച്ച് ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ബഹു: മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മണ്ഡലത്തിലെ 50000 ത്തോളം വരുന്ന ജനസംഖ്യയുള്ള പഞ്ചായത്തിൽ നിലവിൽ ഒരു മാവേലി സ്‌റ്റോർ മാത്രമുള്ളതിനാൽ ജനങ്ങൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്നും പ്രദേശത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് നെല്ലിക്കുഴി, അശമന്നൂർ, പായിപ്ര പഞ്ചായത്തുകളുടെ സംഗമ സ്ഥലവും കൂടിയായ ചെറുവട്ടൂർ കേന്ദ്രീകരിച്ച് പുതിയ മാവേലി സ്റ്റോർ ആരംഭിച്ചാൽ നെല്ലിക്കുഴി പഞ്ചായത്തിലേയും, സമീപ പഞ്ചായത്തുകളായ അശമന്നൂർ,പായിപ്ര പഞ്ചായത്തുകളിലേയും കോതമംഗലം മുൻസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുളളവരുമായ നൂറ് കണക്കിന് ആളുകൾക്ക് വലിയ പ്രയോജനം ലഭിക്കുന്നതും ആയതിനാൽ എത്രയും വേഗത്തിൽ ചെറുവട്ടൂരിൽ പുതിയ മാവേലി സ്‌റ്റോർ ആരംഭിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
ഇവിടെ മാവേലി സ്റ്റോർ ആരംഭിക്കുന്നതിനു വേണ്ടി 1400 സ്ക്വയർ ഫീറ്റ് ഉള്ള വാടക രഹിത കെട്ടിടം കഴിഞ്ഞ രണ്ട് വർഷമായി പഞ്ചായത്ത് ലഭ്യമാക്കിയിട്ടുള്ളതും, കമ്പ്യൂട്ടർ അടക്കമുള്ള സാമഗ്രികൾ വാങ്ങുന്നതിനായി ഒരു ലക്ഷം രൂപ അടച്ചിട്ടുള്ളതും എംഎൽഎ ബഹു:മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി പഞ്ചായത്തിൽ നിലവിലുള്ള മാവേലി സ്റ്റോറിനു പുറമേ ചെറുവട്ടൂരിൽ പുതിയ മാവേലി സൂപ്പർ സ്റ്റോർ ആരംഭിക്കുന്നതിനു വേണ്ടി വേഗത്തിൽ നടപടി സ്വീകരിച്ചു വരികയാണെന്നും ഇതിന്റെ ഭാഗമായുള്ള ഫർണിഷിങ്ങ് പ്രവർത്തികൾ നടത്തുന്നതിനു വേണ്ടി നിർദ്ദേശം നല്കിയതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചതായും ഫർണിഷിങ്ങ് പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിച്ച് പുതിയ മാവേലി സ്റ്റോർ വേഗത്തിൽ ആരംഭിക്കുമെന്നു ബഹു:മന്ത്രി എംഎൽഎയെ അറിയിച്ചു.
You must be logged in to post a comment Login