കോതമംഗലം: ഇന്ന് ലോക ഭിന്നശേഷി ദിനം. ഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന തന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ സന്തോഷത്തിലാണ് ‘നിന ജോർജ്’. അരയ്ക്കു കീഴ്പോട്ടു തളർന്ന 37 വയസ്സുകാരിയായ ‘നിന ജോർജി’ ന്റെ സ്വന്തമായൊരു ‘തയ്യൽക്കട’യെന്ന അഭിലാഷമാണ് ഇന്ന് പൂവണിഞ്ഞത്. കോതമംഗലത്തിനടുത്ത് ആയക്കാട് താമസിക്കുന്ന കട്ടങ്ങനാൽ ജോർജിന്റേയും ഓമനയുടേയും മൂത്ത മകളാണ് ‘ നിന ‘.
ഒന്നര വയസ്സുള്ളപ്പോൾ വിധി ഒരു പനിയുടെ രൂപത്തിലാണ് ‘കുഞ്ഞുനിന’ യുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത്. വിദഗ്ധ ചികിത്സയിയിലൂടെ സ്പൈനൽ കോഡിൽ ചെറിയൊരു ട്യൂമർ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ഓപ്പറേഷൻ നടത്തിയെങ്കിലും വീണ്ടും ട്യൂമർ ഉണ്ടാവുകയും ചികിത്സക്ക് ശേഷം കാലുകൾക്ക് ചലനശേഷി നഷ്ട്ടപ്പെടുകയുമായിരുന്നു.
വീട്ടിലിരുന്ന് ചെയ്യാവുന്ന പല തൊഴിലുകളും സ്വയം പഠിച്ചെടുത്തു. കുട നിർമ്മാണം , പെയിന്റിംഗ് , എംബ്രോയ്ഡറി , പേപ്പർ ക്രാഫ്റ്റ് , എന്നിങ്ങനെ പലതും .അതിനിടയിൽ ആഭരണ നിർമ്മാണ വൈദഗ്ധ്യവും സ്വായത്തമാക്കി. പോളിമർ ക്ലേ കൊണ്ടുള്ള ആഭരണങ്ങൾ ആണ് പ്രധാനമായും നിർമ്മിച്ചിരുന്നത്. തന്റെ കുടുംബത്തിന് ഒരത്താണി ആകണമെന്ന അതിയായ ആഗ്രഹം പരിമിതികളെ അതിജീവിക്കാൻ ‘നിന’യെ പ്രാപ്തയാക്കുന്നു. ‘നിന’യുടെ അഭിലാഷം മനസ്സിലാക്കി , കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി യും സ്കൗട്ട് ആൻഡ് ഗൈഡ്സും മാനേജ്മെൻ്റും ചേർന്ന് സ്കൂളിനടുത്തു തന്നെ ഒരു കടമുറി ഒരുക്കുകയായിരുന്നു. പ്രതിസന്ധികളെ ധൈര്യത്തോടെ നേരിട്ടാലെ ജീവിത വിജയം നേടാനാവൂ എന്ന് നിന പറയുന്നു.