കോതമംഗലം: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കോതമംഗലം സ്വാമി ആന്റ് കമ്പനി ഉടമ എസ് കണ്ണൻ സ്വാമി തൃക്കാരിയൂരിലെ വീട്ടിൽ ഒരുക്കിയ ബൊക്കൊലു ശ്രദ്ധേയം. ആയിരത്തോളം ബൊമ്മകൾ ഉപയോഗിച്ച് വീടിന്റെ പലഭാഗത്തായിട്ടാണ് ബൊമ്മക്കൊലു ഒരുക്കിയിട്ടുള്ളത്. നവരാത്രിയുടെ മാഹാത്മ്യവും ഐതീഹ്യവും അനുസ്മരിപ്പിയ്ക്കും വിധമാണ് ബൊമ്മകൾ ക്രമീകരിച്ചിട്ടുള്ളത്.
മൂന്നുലോകങ്ങളും കീഴടക്കി, ദുഷ്‌ടതയുടെ പര്യായായമായി മാറിയ മഹിഷാസുരനെ വധിയ്ക്കാൻ ലക്ഷമി, സരസ്വതി, പാർവ്വതി ദേവിമാർ കൂടിച്ചേർന്ന് മഹിഷാസുര മർദ്ദിനി എന്ന പേരിൽ സ്ത്രീരൂപം കൈക്കൊണ്ടെന്നും തുർന്ന് സർവ്വചരാചരങ്ങളുടെയും ശക്തി തന്നിലേയ്ക്ക് അവാഹിച്ച് മഹിഷാസുര മർദ്ദിനി മഹിഷാസുരനെ വധിച്ചെന്നുമാണ് നവരാത്രിയുമായി ബന്ധപ്പെട്ടുള്ള പ്രധാന ഐതീഹ്യം.
വീടിന്റെ പ്രവേശന കവാടം മുതൽ ബൊമ്മകൾ ക്രമീകരിച്ചിട്ടുണ്ട്.മുകൾ നിലയിൽ ബഹുവർണ്ണ വൈദ്യുത ദീപങ്ങൾക്കൂടി ഉൾപ്പെടുത്തിയുള്ള ബൊമ്മകളുടെ ക്രമീകരണമാണ് ഏറെ ആകർഷകം.ഇവിടെ മാത്രം 500 ലേറെ ബൊമ്മകൾ ക്രമീകരിച്ചിട്ടുണ്ട്.
വർഷങ്ങളായി ശേഖരിച്ച ബൊമ്മകളിലെ ഒരു ഭാഗം മാത്രമാണ് വീട്ടിൽ ക്രമീകരിച്ചിട്ടുള്ളതെന്നും നവരാത്രിയുടെ മാഹാത്മവും ഐതീഹ്യവും പുതുതലമുറയ്ക്ക് പരിയപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് വേറിട്ട രീതിയിൽ ബൊമ്മക്കൊലു ഒരുക്കിയതെന്നും കണ്ണൻ സ്വാമി എം4മലയാളത്തോട് വ്യക്തമാക്കി.
നവരാത്രിയെ സംബന്ധിയ്ക്കുന്ന ഐതീഹ്യത്തിലെ ഒട്ടുമിക്ക ഘട്ടങ്ങളും അനുസ്‌മരിപ്പിയ്ക്കുന്ന ബൊമ്മകളുടെ ശേഖരം തന്നെ കൈവശമുണ്ട്. ഇത് പ്രയോജനപ്പെടുത്തി ഒരു പ്രദർശനം തന്നെ ഒരുക്കാൻ കഴിയുമെന്ന് സ്വാമി പറയുന്നു.