കോതമംഗലം: സ്വാതന്ത്ര്യത്തിന്റെ 75 മത് വാര്‍ഷിക ആഘോഷ സമാപനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള മേരി മാട്ടി മേരാദേശ് (എന്റെ മണ്ണ് എന്റെ ദേശം ) പരിപാടിക്ക് കോതമംഗലം താലൂക്കിലെ വാരപ്പെട്ടി പഞ്ചായത്തില്‍ തുടക്കമായി. പാതയോരങ്ങള്‍ പൊതുയിടങ്ങള്‍ എന്നിവ മനോഹരമാക്കുന്നതിനുള്ള പദ്ധതിക്കാണ് പഞ്ചായത്ത് തുടക്കമിട്ടുള്ളത്. ആദ്യഘട്ടമെന്ന നിലയില്‍ കൊച്ചി – ധനുഷ്‌കോടി ദേശിയ പാതയും അദര്‍ ഡിസ്ട്രിക്ക്ട് റോഡായ കക്കടാശേരി കാളിയാര്‍ റോഡുമായി ബന്ധിപ്പിക്കുന്ന പഞ്ചായത്തിലെ പ്രധാന പാതയായ കോതമംഗലം – അഞ്ചല്‍ പെട്ടി റോഡിന്റെ ഓരങ്ങളിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഈ പാതയുടെ കോഴിപ്പിള്ളി പാലം മുതല്‍ അഞ്ചല്‍ പെട്ടി പരിപ്പു പാലം വരെയുള്ള ഭാഗത്താണ് പാതയോരങ്ങളില്‍ പൂ ചെടികളും ഫലവൃക്ഷങ്ങളും നട്ടു സംരക്ഷിച്ച് സൗന്ദര്യവല്‍ക്കരണം നടത്തി കൊണ്ട് മനോഹരമാക്കുന്നത്. കോഴിപ്പിള്ളി പാലത്തിന് സമീപം റോഡു വക്കില്‍ വൃക്ഷ തൈകളും പൂച്ചെടികളും നട്ടു കൊണ്ട് പഞ്ചായത്ത് നടപ്പാക്കുന്ന ശുചിത്വ-മാലിന്യ പരിപാലന പദ്ധതികളുടെ ഉദ്ഘാടനം കോതമംഗലം എം എല്‍ എ ആന്റണി ജോണ്‍ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി കെ .ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈ പ്രസിഡന്റ് ബിന്ദു ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡയാന നോബി, നിസാ മോള്‍ ഇസ്മായില്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍മാരായ എം എസ് ബെന്നി, ദീപ ഷാജു,കെ എം സെയ്ത് പഞ്ചായത്ത് അംഗങ്ങളായ അംഗങ്ങളായ കെ കെ . ഹുസൈന്‍, ബേസില്‍ യോഹന്നാന്‍ , ഏയ്ഞ്ചല്‍ മേരി ജോബി, ദിവ്യ സലി, പി പി കുട്ടന്‍, ഷജി ബ്ലസി , പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദീന്‍ , സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ ധന്യാസന്തോഷ്, കോഴിപ്പിള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് ആന്‍സി പോള്‍ , പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ റഹിം ചെന്താര തുടങ്ങിയവര്‍ പങ്കെടുത്തു..
