മുവാറ്റുപുഴ : കഴിഞ്ഞ പ്രളയ സമയങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്ത വാഹനത്തിന്റെ രജിസ്ട്രേഷന് മോട്ടോർ വാഹന വകുപ്പ് താൽക്കാലികമായി റദ്ദ് ചെയ്തു. മോട്ടോര്‍ വാഹന നിയമ പ്രകാരം മൂവാറ്റുപുഴ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടേതാണ് നടപടി. സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വൈറലായ ഒരു മോഡിഫൈഡ് വാഹനമാണ് ബാബ്സ് മോൺസ്റ്റർ ട്രക്ക് എന്നു പേരുള്ള ഈ വാഹനം. മൂവാറ്റുപുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇസുസു ഡി-മാക്സ് വി-ക്രോസ്സ് പിക്ക് അപ്പിനെ മോഡിഫൈ ചെയ്തതാണ് ഈ മോൺസ്റ്റർ ട്രക്ക്. അബിന്‍ എബ്രഹാമാണ് പരിഷ്കരിച്ച ഇസുസു ഡി മാക്സ് വി ക്രോസ് വാഹനത്തിന്റെ ഉടമ. ലൈറ്റ്, ഓഫ് റോഡ് ടയറുകള്‍, ബമ്പറുകള്‍ എന്നിവ ഉള്‍പെടെയുള്ള മാറ്റങ്ങളാണ് വാഹനത്തില്‍ വരുത്തിയിരിക്കുന്നത്. പ്രളയ സമയത്ത് രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പെടുകയും സംസ്ഥാന വ്യാപകമായി ചാരിറ്റി സവാരിയും നടത്തിയിട്ടുണ്ട്.
KL- 17 R 80 വാഹനത്തിന്റെ രജിസ്ട്രേഷനാണ് താല്കാലികമായി റദ്ദാക്കിയത്. ആറുമാസത്തേക്കോ അല്ലെങ്കില്‍ അനധികൃത മാറ്റങ്ങള്‍ ഒഴിവാക്കി വാഹനം പരിശോധനക്ക് ഹാജരാക്കുന്നത് വരെയോ ആണ് നടപടി. ഇക്കാലയളവില്‍ വാഹനം റോഡില്‍ ഇറക്കാന്‍ പാടില്ല. പിഴയക്ക് പുറമേയാണ് ഈ തീരുമാനം.
വിവിധ ആഘോഷ പരിപാടികളിലും , വാഹന പ്രേമികളുടെ യോഗങ്ങളിലും, സിനിമയും, പ്രളയ സമയത്തുമൊക്കെ പങ്കെടുത്ത ഈ വാഹനത്തെ പൂട്ടിട്ടതിനെതിരെ കനത്ത പ്രതിഷേധമാണ് മോട്ടോര്‍വാഹന വകുപ്പിന്റെ ഫേസ്ബുക്ക് പേജിൽ നടക്കുന്നത്.