കോതമംഗലം :തണുത്തു കുളിരണിഞ്ഞു മൂന്നാർ. മൂന്നാറിൽ അതിശൈത്യം ആരംഭിച്ചു. ഇതോടെ സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചു. കോവിഡ് ഭീതി മൂലം കഴിഞ്ഞ 4, 5 മാസക്കാലമായി മൂന്നാർ അടഞ്ഞു കിടക്കുകയായിരുന്നു. ഹോട്ടലുകളും, ഹോം സ്റ്റേ എല്ലാം ആളില്ലാതായതോടെ അടച്ചു. എന്നാൽ വീണ്ടും തെക്കിന്റെ കശ്മീർ എന്നറിയപ്പെടുന്ന മുന്നാറിൽ പുത്തൻ ഉണർവ് സമ്മാനിച്ചു, ടൂറിസം മേഖല ഉണർന്നു. ടൗണിൽ തിങ്കളാഴ്ച രാവിലെ താപനില ആറ് ഡിഗ്രിയിലെത്തി. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്. നല്ലതണ്ണി, മാട്ടുപ്പട്ടി, ചൊക്കനാട് എന്നിവടങ്ങളിലും താപനില ആറായിരുന്നു.
വിദൂര എസ്റ്റേറ്റുകളായ തെന്മല, ചെണ്ടുവര, ഗുണ്ടുമല, ലക്ഷ്മി, ചിറ്റുവര എന്നിവിടങ്ങളിൽ നാലായിരുന്നു തിങ്കളാഴ്ചത്തെ താപനില. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തണുപ്പുകാലം നേരത്തെതുടങ്ങി. കഴിഞ്ഞ രണ്ടുവർഷങ്ങളിലും ഡിസംബർ പകുതിയോടെയാണ് മൂന്നാറിൽ തണുപ്പുകാലം തുടങ്ങിയത്. വരുംദിവസങ്ങളിൽ താപനില മൈനസിലെത്താനാണ് സാധ്യത. ഒപ്പം മഞ്ഞുവീഴ്ചയും ആരംഭിക്കും. കഴിഞ്ഞവർഷം ജനുവരി ആദ്യവാരം താപനില മൈനസ് നാല് വരെയെത്തിയിരുന്നു.സഞ്ചാരികളെ ആകര്‍ഷിക്കുവാനും തകര്‍ന്നടിഞ്ഞ വിനോദ സഞ്ചാര മേഖലയെ കൈപിടിച്ച് ഉയര്‍ത്തുവാനും സാധിക്കുന്ന രീതിയിലാണ് ഇവിടെ വിനോദ സഞ്ചാരം പുനരാരംഭിച്ചിരിക്കുന്നത്.
സഞ്ചാരികള്‍ക്കായി വലിയ ശതമാനം വരെ ഇളവിലാണ് ഇപ്പോള്‍ ഹോട്ടലുകള്‍ റൂം നല്‍കുന്നത്. ഇത് കൂടാതെ ആരോഗ്യ സുരക്ഷാ കാര്യങ്ങളില്‍ വന്‍ പരിഗണനയാണ് നല്‍കുന്നതും. മുന്‍പത്തേതില്‍ നിന്നും വ്യത്യസ്തമായി ഭൂരിഭാഗം ആളുകൾ ഏജന്‍സികളേയോ ട്രാവല്‍ സൈറ്റുകളേയോ ആശ്രയിക്കാതെ നേരിട്ടെത്തിയാണ് ഹോട്ടലുകളില്‍ റൂം ബുക്ക് ചെയ്യുന്നത്.ഇതിനു പുറമെ സഞ്ചാരികളെ ആകർഷിക്കാൻ മുന്നാറിലെ കെ എസ് ആർ ടി സി യും ഉണ്ട്. ആനവണ്ടിയിൽ ചുരുങ്ങിയ ചിലവിൽ രാപ്പകർക്കാനുള്ള അവസരമാണ് കെ എസ് ആർ ടി സി ഒരുക്കുന്നത്.
തണുപ്പുകാലം ആരംഭിച്ചതോടെ വരുംദിവസങ്ങളിൽ വിനോദസഞ്ചാരികളുടെ വരവ് കൂടുമെന്നാണ് പ്രതീക്ഷ. ഇതോടെ തകർന്ന മുന്നാറിലെ ടൂറിസം മേഖല ഉയർത്തെഴുന്നേൽക്കും.