കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുളള ഒരേക്കറിലേറെ സ്ഥലവും അതിനുള്ളിലെ കെട്ടിടവും ഉപേക്ഷിക്കപ്പെട്ട അവസ്ഥയിൽ. കാളവയലും അറവുശാലയുമാണ് മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്നത്. പത്ത് വർഷം മുമ്പ് ഇവയുടെ പ്രവർത്തനം നിലച്ചശേഷം ഈ സ്ഥലം ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. കാടുമൂടി കിടക്കുന്ന സ്ഥലം ഇഴജന്തുക്കളുടെ താവളമായി മാറുകയും ചെയ്തു.
പഴയ അറവുശാലാ കെട്ടിടം സമീപകാലത്ത് അറ്റകുറ്റപ്പണി നടത്തിയതിനാൽ തകർന്നുവീഴാതെ സംരക്ഷിക്കാൻ കഴിഞ്ഞു. കോതമംഗലം ടൗണിനോട് ചേർന്ന് കോടികൾ വിലമതിക്കുന്ന സ്ഥലമാണ് കാടുമൂടി കിടക്കുന്നത്.പലയിടത്തും പൊതു ആവശ്യങ്ങൾക്ക് സ്ഥലം കണ്ടെത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോഴും ഇവിടെ അധികാരികൾ കണ്ണടക്കുന്നു. ദുർഗന്ധവും കൊതുകും മറ്റ് മാലിന്യപ്രശ്‌നങ്ങളും മൂലം നാട്ടുകാരുടെ എതിർപ്പിനെ തുടർന്നാണ് ജനവാസ മേഖലയിലുള്ള അറവ് ശാല അടച്ചത്.
