കോതമംഗലം : തങ്കളം – കാക്കനാട് നാലുവരി പാത മറ്റ് അലൈൻമെന്റുകളുടെ സാധ്യത പരിശോധിക്കാൻ ഡ്രോൺ സർവ്വേ നടത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു.ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.എറണാകുളം ജില്ലയിലെ തന്നെ പ്രധാന റോഡ് വികസന പദ്ധതിയും, ജില്ലാ കിഴക്കൻ മേഖലയെ ജില്ലാ ആസ്ഥാനവുമായി അതിവേഗം ബന്ധിപ്പിക്കുന്നതുമായ പദ്ധതിയാണ് തങ്കളം കാക്കനാട് നാലുവരി പാത .കൂടാതെ ടൂറിസം ഐ ടി മേഖലകളിലും വലിയ വികസന സാധ്യത നൽകുന്ന പദ്ധതികൂടിയാണിത്.
വർഷങ്ങൾക്ക് മുൻപേ പ്രസ്തുത പദ്ധതിയ്ക്കായി പഴയ അലൈൻമെന്റ് പ്രകാരം അതിർത്തി കല്ലിടൽ സ്ഥാപിക്കുന്ന നടപടികൾ പൂർത്തീകരിച്ചതുമാണ്. ആയതിനാൽ പ്രസ്തുത പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഭൂമി ക്രയ വിക്രയം ചെയ്യാനോ, മറ്റ് ആവിശ്യങ്ങൾക്കോ വിനിയോഗിക്കാൻ സാധിച്ചിരുന്നില്ല .പഴയ അലൈൻമെന്റ് ഇപ്പോൾ ഫീസിബിൾ അല്ല എന്ന വാദം ഉയർന്നു വരുമ്പോൾ പദ്ധതി പ്രദേശത്തെ ജനങ്ങൾ വലിയ ആശങ്കയിലാണ്. ആയതിനാൽ തന്നെ പദ്ധതി പഴയ അലൈൻ മെന്റ് പ്രകാരം തന്നെ കിഫ്‌ബി പദ്ധതിയായി നടപ്പിലാക്കണമെന്ന് എം എൽ എ സഭയിൽ ആവശ്യപ്പെട്ടു. ഇതിനു മറുപടിയായിട്ടാണ് അലൈൻമെന്റുകളുടെ സാധ്യത പരിശോധിക്കാൻ ഡ്രോൺ സർവ്വേ നടത്തുമെന്ന് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാക്കനാട് – തങ്കളം നാലുവരി പാത ചെ 0/000 (കാക്കനാട് -മനയ്ക്കക്കടവ്) മുതല്‍ 27/324 (തങ്കളം) വരെയാണ് കെ.ആര്‍.എഫ്.ബി – പി.എം.യുവിന്റെ പരിധിയില്‍ വരുന്നത്. പ്രസ്തുത റോഡ് 4 മണ്ഡലത്തില്‍ കൂടെ കടന്നു പോകുന്നുണ്ട് (കുന്നത്തുനാട് 17 കീ മി,മുവാറ്റുപുഴ -1.74 കി മി,പെരുമ്പാവൂര്‍ -1.26 കീ മീ, കോതമംഗലം – 7. 324 കീ മി). പ്രസ്തുത നാലുവരി പാതയുടെ നിര്‍മ്മാണത്തിനായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 കോടി രൂപക്ക് ഭരണാനുമതി നല്‍കുകയും 20/11/2023 ന് ഈ ഭരണാനുമതി പുതുക്കി നല്‍കുകയും ചെയ്തിട്ടുണ്ട്. 27.324 കിമി നീളം വരുന്ന പദ്ധതിയുടെ ചെറുവട്ടൂര്‍ മുതല്‍ തങ്കളം (കി.മി 20/000 മുതല്‍ 27/234) വരെയുള്ള ഭാഗത്തിന്റെ 255 കോടി രൂപയുടെ പദ്ധതി രേഖ റോഡ്‌സ് വിഭാഗം തയ്യാറാക്കിയത് കിഫ്ബിയിലേക്ക് നല്‍കിയിട്ടുണ്ട്.
ഇത് വ്യക്തത വരുത്തി, 0/000 മുതല്‍ 27/324 വരെ ഒന്നിച്ചു സമര്‍പ്പിക്കുവാന്‍ 04/08/2021ലെ ടെക്നിക്കല്‍ അപ്രൈസല്‍ റിപ്പോര്‍ട്ട് പ്രകാരം കിഫ്ബിയില്‍ നിന്നും നിര്‍ദേശിച്ചു.
പ്രസ്തുത പദ്ധതിയുടെ 0/000 മുതല്‍ 20/000 യുള്ള ഭാഗത്തു ഡിസൈന്‍ വിഭാഗത്തില്‍ നിന്നും സ്ഥല പരിശോധന നടത്തുകയും അലൈന്‍മെന്റും പ്രൊഫൈലും തയ്യാറാക്കി, 09/11/2022 ല്‍ സൈറ്റ് ഇന്‍സ്പെക്ഷന്‍ റിപ്പോര്‍ട്ട് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത പ്രൊഫൈല്‍ പ്രകാരം IRC അനുവദിക്കുന്ന ഏറ്റവും കൂടിയ ഗ്രേഡിയന്റ് ആയ 8% പല സ്ഥലങ്ങളിലും അധികരിക്കുന്നതായി കണ്ടെത്തുകയും ചെയ്തു. പെരുമ്പാവൂര്‍ മണ്ഡലത്തില്‍ വരുന്ന Ch. 18/740 മുതല്‍ 20/000 വരെയുള്ള ഭാഗത്തു ഈ ഗ്രേഡിയന്റ് 10% മുതല്‍ 18% വരെ ആണ്. കോതമംഗലം മണ്ഡലത്തില്‍ വരുന്ന ചെറുവട്ടൂര്‍ മുതല്‍ തങ്കളം വരെയുള്ള (കി.മി 20/000 മുതല്‍ 27/324 വരെ) ഭാഗത്തു ഗ്രേഡിയന്റ് 18%മുതല്‍ 34% വരെ ആണ്. ആയതിനാല്‍ പ്രസ്തുത പാത IRC മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് ഡിസൈന്‍ ചെയ്യുവാന്‍ സാധ്യമല്ലാത്തതും ഫീസിബിള്‍ അല്ല എന്നു ഡിസൈന്‍ വിഭാഗത്തില്‍ നിന്നും വ്യക്തമാക്കുകയും പാരിസ്ഥിതിക പഠനത്തിന് ശുപാര്‍ശ ചെയ്യുകയും ചെയ്തു. KIIFB ഉന്നതതല ഉദ്യോഗസ്ഥര്‍ പ്രസ്തുത അലൈന്‍മെന്റ് സന്ദര്‍ശിക്കുകയും ചെയ്തു. KIIFB യില്‍ നിന്നുള്ള സൈറ്റ് വിസിറ്റ് റിപ്പോര്‍ട്ട് പ്രകാരം കാക്കനാട് – മനക്കക്കടവ് മുതല്‍ കോതമംഗലം തങ്കളം വരെ (ചെ 0/000 മുതല്‍ 27/234 വരെ) ഉള്ള അലൈന്‍മെന്റ് KIIFB മാനദണ്ഡങ്ങള്‍ പ്രകാരം Feasible അല്ല എന്ന് CEO, KIFFB അറിയിച്ചിട്ടുണ്ട്. അതിനാല്‍ മറ്റ് അലൈൻമെന്റുകളുടെ സാധ്യത പരിശോധിക്കുന്നതിനായി നിര്‍ദേശിക്കുകയും ഇതിലേക്കായി ഡ്രോണ്‍ സര്‍വ്വേ നടത്തുന്നതിനായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് സഭയിൽ അറിയിച്ചു.