കോതമംഗലം : കോതമംഗലം താലൂക്കിൽ പട്ടയ നടപടികൾക്കായി സ്പെഷ്യൽ ഓഫീസ് തുടങ്ങുന്ന കാര്യം സർക്കാർ പരിഗണിച്ചു വരുന്നതായി മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു. നവംബർ 4/11/ 2023 -ലെ സർക്കാർ ഉത്തരവ് പ്രകാരം പട്ടയ നടപടികൾ വേഗത്തിൽ നടപ്പിലാക്കുന്നതിനു വേണ്ടി പ്രത്യേക ഓഫീസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്.
കോതമംഗലം താലൂക്കിൽ വനം വകുപ്പിന്റെ ജണ്ടയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്നതും, ബി.ടി.ആര്‍ പ്രകാരം “തരിശ്’, ” സര്‍ക്കാര്‍ ” എന്നിവയില്‍ ഉൾപ്പെടുന്നതും, “വനം” എന്ന് ബി.ടി.ആര്‍-ന്റെ റിമാര്‍ക്സില്‍ രേഖപ്പെടുത്തിയിരുന്നതുമായ ഭൂമി കൈവശം വച്ചു വരുന്ന 4411 പേരുടെ അപേക്ഷയിന്മേല്‍ 04/11/2023-ലെ സ.ഉ(ആര്‍.റ്റി )3966/2023/ ആര്‍.ഡി ഉത്തരവ് പ്രകാരം നടപടി സ്വീകരിക്കുന്നതിലേയ്ക്ക് 15/11/2023-നു എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ടി വിഷയം വിശദമായി ചര്‍ച്ച ചെയ്തു.
ആയത് പ്രകാരം കോതമംഗലം താലൂക്കിലെ 6 വില്ലേജുകളിലായി (നേര്യമംഗലം, കുട്ടമ്പുഴ, കീരംപാറ, കടവൂര്‍, കോട്ടപ്പടി, കുട്ടമംഗലം) ഏകദേശം 1750 ഹെക്ടര്‍ ഭൂമി ഉദ്ദേശം 4411 പേരുടെ കൈവശത്തിലുള്ളതായും, ഒരൊറ്റ സര്‍വ്വെ നമ്പറില്‍ കിടക്കുന്ന കൈവശഭൂമികളും, വനഭൂമിയും തമ്മില്‍ വേര്‍തിരിച്ച് സബ്ഡിവിഷന്‍ തയ്യാറാക്കി, ഓരോ കൈവശങ്ങളും പ്രത്യേകം സര്‍വ്വെ ചെയ്യുന്നതോടു കൂടി 4411 എന്നത് കുറഞ്ഞത് 6000 കൈവശക്കാരെങ്കിലും ഉണ്ടാകുന്നതാണ്. ഇതിന്റെ പ്രാരംഭനടപടിയായ സബ്ഡിവിഷന്‍ തയ്യാറാക്കുന്ന നടപടികള്‍ക്കായി അടിയന്തിരമായി 2 സര്‍വ്വെയര്‍മാരെ സര്‍വ്വെ ജോലികള്‍ക്കായി ജില്ലാ കളക്ടര്‍ വിട്ടു നൽകിയിട്ടുണ്ട്.
ടി സര്‍വ്വെയര്‍മാര്‍ കുട്ടമ്പുഴ വില്ലേജില്‍ സര്‍വ്വെ സബ്ഡിവിഷന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. മറ്റ് വില്ലേജുകളിലും സര്‍വ്വെ നടപടികള്‍ ചെയ്യുന്നതിനായി ജില്ലയില്‍ ആവശ്യമായ സര്‍വ്വെയര്‍മാരില്ല എന്നതിനാല്‍ 8 സര്‍വ്വെയര്‍മാരെയും 10 ടോട്ടല്‍ സ്റ്റേഷന്‍ ഉപകരണങ്ങളും കൂടി ഡിജിറ്റല്‍ സര്‍വ്വെ ടീമില്‍ നിന്നും വിട്ടു തരുന്നതിനായി സര്‍വ്വെയും ഭൂരേഖയും വകുപ്പ് ഡയറക്ടര്‍ക്ക് ജില്ലാ കളക്ടറേറ്റില്‍ നിന്നും 25/12/2023-നു കത്ത് നല്‍കി തുടര്‍ നടപടികൾ സ്വീകരിച്ചു വരുന്നതായും ഈ വിഷയം എ3/228/2023/റവ നമ്പര്‍ ഫയലില്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു.