കോതമംഗലം : കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന നെല്ല് പ്രാദേശികമായി സ്ഥാപിച്ചിട്ടുള്ള ചെറുകിട – ആധുനിക റൈസ് മില്ലുകളില്‍ പുഴുങ്ങി – ഉണങ്ങി – കുത്തി അരിയാക്കുക വഴി കര്‍ഷകര്‍ക്ക് അധ്വാന ലാഭവും ഇപ്രകാരം ഉണ്ടാക്കുന്ന അരി ബ്രാന്‍ഡ് ചെയ്ത് വിപണനം നടത്തുക വഴി കര്‍ഷകര്‍ക്ക് അധിക വരുമാനവും ഒപ്പം ഉപഭോക്താക്കൾക്ക് ഗുണമേന്മയും ഉറപ്പുവരുത്തുകയും ഇതിലൂടെ നെല്‍കൃഷി മേഖലയ്ക്ക് പുത്തന്‍ ഊര്‍ജ്ജം പകരുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാരിന് കീഴില്‍ ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ എറണാകുളം കൃഷിവിജ്ഞാന കേന്ദ്രം പ്രൊജക്ടായി പെരിയാര്‍വാലി സ്പൈസസ് കര്‍ഷക ഉല്പാദന കമ്പനിയുടെ നേതൃത്വത്തില്‍ കീരംപാറയില്‍ സ്ഥാപിച്ചിട്ടുളള മിനി റൈസ് മില്ലിന്റെ പ്രവർത്തനോദ്ഘാടനവും ബ്രാന്‍ഡ് ചെയ്ത അരിയുടെ വിപണനോദ്ഘാടനവും നടത്തി.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.അരിയ്ക്ക് പുറമെ പ്രദേശത്തെ കര്‍ഷകരുടെയും മറ്റ് കര്‍ഷക ഉത്പാദക കമ്പനികളുടെയും ഗുണമേന്മയുള്ള വിവിധ കാര്‍ഷികോല്പന്നങ്ങര്‍ കൂടി ലഭ്യമാക്കാൻ വേണ്ടി കൃഷിവകുഷ് എം ഐ ഡി എച്ച് സ്റ്റേറ്റ് ഫോര്‍ട്ടികൾച്ചർ മിഷന്റെ സഹായത്തോടെ ആരംഭിക്കുന്ന പഴം/പച്ചക്കറി പാക്ക് ഹൗസിന്റെയും വിപണനശാലയുടെയും ഉദ്ഘാടനം നടത്തി.പെരിയാർവാലി സ്പൈസസ് ഫാർമർ പ്രൊഡ്യൂസർ കമ്പനി മാനേജ് ഡയറക്ടർ റ്റി കെ ജോസഫ് അധ്യക്ഷത വഹിച്ചു.
എറണാകുളം കെ വി കെ പ്രിൻസിപ്പാൾ സയന്റിസ്റ്റ് & ഹെഡ് ഡോക്ടർ ഷിനോജ് സുബ്രമണ്യം പദ്ധതി വിശദീകരണം നടത്തി.എറണാകുളം ഹോർട്ടികൾച്ചർ മിഷൻ ഡപ്യൂട്ടി ഡയറക്ടർ ബിൻസി എബ്രഹാം പഴം/പച്ചക്കറി പാക്ക് ഹൗസ് പദ്ധതി വിശദീകരണം ചെയ്തു.കീരംപാറ സർവ്വീസ് സഹകരണ ബാങ്കിന് സമീപം(ഊഞ്ഞാപ്പാറ) നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്,ജില്ലാ പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ്ജ്,വാർഡ് മെമ്പർ വി കെ വർഗീസ്,എ ഡി എ സിന്ധു വി പി,കോതമംഗലം അഗ്രികൾച്ചർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സി ഇ ഓ സുനിൽ സിറിയക്,എറണാകുളം കെ വി കെ പുഷ്പരാജ് ആഞ്ചലോസ്,കൃഷി ഓഫീസർ ബോസ് മത്തായി എന്നിവർ പങ്കെടുത്തു.ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി സ്വാഗതവും പെരിയാർവാലി സ്‌പൈസസ് എഫ് പി സി സി ഇ ഓ സന്തോഷ് തോമസ് നന്ദിയും പറഞ്ഞു.