കോതമംഗലം :കള്ളനോട്ടുകളുമായി മധ്യവയസ്കൻ അറസ്റ്റിൽ. കൊല്ലം പത്തനാപുരം പാതിരിങ്ങൽ ഭാഗം ആനക്കുഴി വീട്ടിൽ അബ്ദുൾ റഷീദ് (62) നെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി പരാതിക്കാരനായ കുറ്റികുഴി സ്വദേശി വിനോജിൻ്റെ പയ്യാൽ ജംഗ്ഷൻ ഭാഗത്തുളള സ്റ്റേഷനറി കടയിൽ എത്തി 90 രൂപയുടെ സാധനം വാങ്ങി 500 രൂപയുടെ കള്ളനോട്ട് നൽകി ബാക്കി 410 രൂപ കൈപ്പറ്റുകയായിരുന്നു.
സമീപത്തുള്ള കടകളിലും ഇയാൾ ഇത്തരം തട്ടിപ്പ് നടത്തിയിരുന്നു. നൂറ് രൂപയിൽ താഴെ വില വരുന്ന സാധനങ്ങൾ വാങ്ങി അഞ്ഞു റിൻ്റെ കള്ളനോട്ട് നൽകി ബാക്കി തുക കൈപ്പറ്റിയാണ് തട്ടിപ്പ് നടത്തി വന്നിരുന്നത്. ഇയാളിൽ നിന്നും വേറെയും അഞ്ഞുറിൻ്റെ കള്ളനോട്ടുകൾ കണ്ടെത്തി. വിവിധ കടകളിൽ നിന്നും കള്ളനോട്ട് നൽകി തിരികെ ലഭിച്ച തുകയും കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ സാം ജോസ്, എസ് ഐ മാരായ ഇബ്രാഹിംകുട്ടി, മനോജ്, ബൈജു പോൾ, എസ് സി പി ഒ മാരായ നൗഫൽ, ജിജോ എന്നിവരാണ് ഉണ്ടായിരുന്നത്.
