കോതമംഗലം: വൈദ്യുതിയിലും – പെട്രോളിലും പ്രവർത്തിക്കാൻ കഴിയുന്ന ഹൈബ്രിഡ് ഓട്ടോറിക്ഷയുമായി എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ. കോളേജിലെ അവസാന വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ആണ് തങ്ങളുടെ കോഴ്സ് പ്രോജക്ടിന്റെ ഭാഗമായി ഹൈബ്രിഡ് ഓട്ടോറിക്ഷ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പെട്രോൾ എൻജിനിൽ പ്രവർത്തിക്കുന്ന ഓട്ടോ റിക്ഷയിൽ ഒരു കിലോവാട്ടിന്റെ ബി എൽ ഡി സി മോട്ടോർ പ്രത്യേകമായി ഘടിപ്പിച്ചാണ് വിദ്യാർത്ഥികൾ ഹൈബ്രിഡ് ഓട്ടോറിക്ഷ തയ്യാറാക്കിയിരിക്കുന്നത്. മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനായി 6o എ എച്ചിന്റെ നാല് ബാറ്ററികളും അതിന്റെ കോൺട്രോളറുമാണ് ഘടിപ്പിച്ചിരിക്കുന്നത്. ഒരേ സമയം പെട്രോളിലും വെദ്യുതിയിലും ഈ വാഹനം ഓടിക്കാൻ കഴിയും. കൂടാതെ ബാറ്ററിയുടെ ചാർജ് തീരുക ആണേൽ പെട്രോളിൽ മാത്രമായും ഉപയോഗിക്കാൻ കഴിയും. ഇതിന് വേണ്ടി പ്രത്യേകം സംവിധാനം വിദ്യാർത്ഥികൾ വണ്ടിയിൽ കൊടുത്തിട്ടുണ്ട്. വൈദ്യുതിയിൽ മാത്രം ഉപയോഗിക്കുക ആണെങ്കിൽ 60 മുതൽ 80 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുമെന്ന് വിദ്യാർഥികൾ അവകാശപ്പെടുന്നു. 40 കിലോമീറ്റർ ആണ് പരമാവധി വേഗത. കൂടാതെ പെട്രോളിന്റെ ഉപയോഗം കുറക്കാൻ കഴിയുന്നതിനാൽ പ്രകൃതി സൗഹൃദമായ യാത്ര ഈ വാഹനം ഉറപ്പു തരുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
ഡോ അരുൺ എൽദോ ഏലിയാസിന്റെ മേൽനോട്ടത്തിൽ അതുൽ പി മാണിക്കം, നിബിൻ ബിനോയ്, ജോയൽ ജോസ്, ഗൗതം മോഹൻ, അനന്തു അജികുമാർ, അലൻ ബെന്നി, മുഹമ്മദ് ബിലാൽ, മുഹമ്മദ് ഷാൽബിൻ എന്നിവരടങ്ങുന്ന വിദ്യാർത്ഥികൾ മാനേജ്മെന്റ് ധനസഹായത്തോടെ ഒരുലക്ഷം രൂപ ചിലവഴിച്ച് 6 മാസംകൊണ്ട് ആണ് വാഹനം പൂർത്തിയാക്കിയത്.
ഹൈബ്രിഡ് ഓട്ടോയുടെ ഫ്ലാഗ് ഓഫ് സാങ്കേതിക ശാസ്ത്ര സർവകലാശാല വൈസ് ചാൻസിലർ ഡോ. കെ ശിവപ്രസാദ് നിർവഹിച്ചു. കോളേജ് സെക്രട്ടറി ബിനോയ് തോമസ് മണ്ണഞ്ചേരി, ട്രെഷറർ ബിനു കെ വർഗീസ്, ഡയറക്ടർ ഡോ. ഷാജൻ കുര്യാക്കോസ്, പ്രിൻസിപ്പൽ ഇൻ ചാർജ് പ്രഫ. ജോണി ജോസഫ്, പ്രഫ ലീന തോമസ്, ഡോ. അരുൺ എൽദോ ഏലിയാസ് എന്നിവർ സന്നിഹിതരായിരുന്നു.
