തൊടുപുഴ: ആശുപത്രി മുറ്റം കേന്ദ്രീകരിച്ച് എം.ഡി.എം.എയും കഞ്ചാവും വിൽപ്പന നടത്തി വന്ന മൂന്നംഗ സംഘത്തെ എക്സൈസ് അറസ്റ്റ് ചെയ്തു. കോതമംഗലം മാതിരപ്പള്ളി കുളങ്ങര കുടിയിൽ വീട്ടിൽ മാത്യൂസ് ബിനു (19), കോതമംഗലം മാതിരപ്പള്ളിയിൽ ഇരകുട്ടിയിൽ വെങ്കിടേഷ് രാജ് (19), മൂവാറ്റുപുഴ വെള്ളൂർകുന്നം കിഴുക്കാവിൽ അമൽ ഷിഹാബ് (19) എന്നിവരാണ് അറസ്റ്റിലായത്. തൊടുപുഴ വെങ്ങല്ലൂർ സ്മിത മെമ്മോറിയൽ ആശുപത്രി മുറ്റത്ത് വച്ച് കാറിനുള്ളിൽ വച്ച് ലഹരി വസ്ഥുകൾ കൈമാറാൻ എത്തിയപ്പോഴാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്നും പൊതികളിലായി സൂക്ഷിച്ചിരുന്ന 2.5 ഗ്രാം എം.ഡി.എം.എ, 50 ഗ്രാം ഉണക്ക കഞ്ചാവ്, കാർ എന്നിവ പിടിച്ചെടുത്തു. കോളേജ് വിദ്യാർത്ഥികൾക്ക് കൈമാറുന്നതിനായാണ് കഞ്ചാവ് എത്തിച്ചതെന്ന് എക്സൈസ് അധികൃതർ സൂചിപ്പിച്ചു.
ആശുപത്രിക്ക് സമീപം പോലീസിൻ്റെയും എക്സൈസിൻ്റെയും പരിശോധന ഉണ്ടാവില്ലെന്ന ധാരണയിൽ പ്രതികൾ ഇവിടം കേന്ദ്രീകരിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടം കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തി വരികയായിരുന്നു. ഇത് സംബന്ധിച്ച് സൂചന ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശം എക്സൈസ് ഇൻ്റലിജൻ്റ്സിൻ്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് ഇന്നലെ രാത്രി 10 മണിയോടെ ലഹരി വസ്ഥുക്കളുമായി മൂവർ സംഘം കാറിൽ ആശുപത്രിയുടെ പാർക്കിങ് ഏരിയായിൽ എത്തിയത്. സ്ഥലത്ത് അപരിചിതരെ കണ്ടതോടെ പ്രതികൾ കാർ വെട്ടിച്ച് രക്ഷപെടാൻ ശ്രമിച്ചു. ഇതോടെ എക്സൈസ് സംഘത്തിൻ്റെ വാഹനങ്ങളും സ്ഥലത്ത് ഉണ്ടായിരുന്നവരുടെ ബൈക്കുകളും നിരത്തി കാർ തടഞ്ഞാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്നും സ്ഥിരമായി ലഹരി വാങ്ങിയിരുന്നവരെ കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സി.പി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഷാഫി അരവിന്ദാക്ഷൻ, പ്രിവൻ്റീവ് ഓഫീസർമാരായ മൻസൂർ ഒ.എച്ച്., സാവിച്ചൻ മാത്യു, ജയരാജ് കെ.പി സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ്.പി.എസ് സുബൈർ .എ.ഐ, രാജേഷ്.വി.ആർ., ജോർജ്.ടി.പോൾ, മുഹമ്മദ് റിയാസ് അരുൺ.എ.ആർ., ഡ്രൈവർ അനീഷ് ജോൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇