കോതമംഗലം:മാതിരപ്പിള്ളി പള്ളിപ്പടി മുതൽ ഇഞ്ചൂർ പള്ളിക്കൽ കാവ് വരെ 3 കിലോമീറ്റർ ദൂരം പുതുതായി വലിച്ച ഹൈടെൻഷൻ ഏരിയൽ ബഞ്ച്ഡ് കേബിളിൻ്റേയും(എ ബി സി),ഇഞ്ചൂർ പള്ളിക്കൽ കാവ്,ഇഞ്ചൂർ പുനരധിവാസ കോളനി എന്നിവിടങ്ങളിൽ സ്ഥാപിച്ച പുതിയ രണ്ട് ട്രാൻസ്ഫോർമറുകളുടെയും സ്വിച്ച് ഓൺ കർമ്മം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.ഇഞ്ചൂർ ഭാഗത്ത് നാളുകളായി വോൾട്ടേജ് ക്ഷാമം പതിവായിരുന്നു.
അതോടൊപ്പം കമ്പികൾ തമ്മിൽ കൂട്ടിയിടിച്ചും മരങ്ങളുടെ ചോലകൾ തട്ടിയും ഈ ഭാഗത്ത് കറൻ്റ് പോകലും പതിവായിരുന്നു.ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായിട്ടാണ് ഹൈ ടെൻഷൻ ഏരിയൻ ബഞ്ച്ഡ് കേബിൾ(എ ബി സി)വലിച്ച് പുതിയ രണ്ട് ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചത്. ഇതോടെ ഈ പ്രദേശത്ത് നാളുകളായുള്ള വോൾട്ടേജ് ക്ഷാമത്തിനാണ് പരിഹാരമാകുന്നത്,കോതമംഗലം താലൂക്കിൽ ആദ്യമായിട്ടാണ് പൊതുജനങ്ങൾക്കായി എ ബി സി വലിച്ച് ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചത്.50 ലക്ഷം രൂപ ചെലവിട്ടാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കിയത്. ഇഞ്ചൂർ പുളിക്കൻ കാവ്,പീചാട്ട് കാവ്, പാറശ്ശാലപ്പടി, പെൻസിലികുന്ന്, പുനരധിവാസ കോളനി തുടങ്ങിയ സ്ഥലങ്ങളിൽ ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാകുമെന്നും എംഎൽഎ പറഞ്ഞു.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല മോഹനൻ,വാർഡ് മെമ്പർ പി വി മോഹനൻ,എ എക്സ് ഇ ഗോപി എൻ കെ തുടങ്ങിയവർ പങ്കെടുത്തു.