തിരുവനന്തപുരം: നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടാണെന്നും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയാക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു. ഗുണ്ടായിസത്തിലൂടെയും ഭീഷണിയിലൂടെയും മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുവാനാണ് നീക്കമെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകും. ഇത് കേരളത്തിലെ നൂറുകണക്കിന് ഓണ്‍ലൈന്‍ ചാനലുകളുടെ വാര്‍ത്തകളിലൂടെ പ്രതിഫലിക്കും. ഇവരെയൊക്കെ ഗുണ്ടായിസത്തിലൂടെ നിശബ്ദരാക്കാം എന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അത് തികച്ചും തെറ്റായ ചിന്താഗതി ആയിരിക്കും.
നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ ചാനലുകള്‍ ഒറ്റക്കെട്ടായിത്തന്നെ നീങ്ങുമെന്നും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയാക്ക് പൂര്‍ണ്ണപിന്തുണ നല്‍കുന്നതായും ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയ), ജനറല്‍ സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ് (കേരളാ ന്യുസ്), ട്രഷറര്‍ വിനോദ് അലക്സാണ്ടര്‍ (വി.സ്കയര്‍ ടി.വി), വൈസ് പ്രസിഡന്റ്, അഡ്വ.സിബി സെബാസ്റ്റ്യന്‍ (ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്), എമില്‍ ജോണ്‍ (കേരളാ പൊളിറ്റിക്സ്), സെക്രട്ടറി രവീന്ദ്രന്‍ ബി.വി (കവര്‍സ്റ്റോറി), എസ്.ശ്രീജിത്ത് (റൌണ്ടപ്പ് കേരള), എക്സിക്യുട്ടീവ് അംഗങ്ങളായ സജിത്ത് ഹിലാരി (സജിത്ത് ഹിലാരി (ന്യുസ് ലൈന്‍ കേരളാ 24), അജിത ജെയ്ഷോര്‍ (മിഷന്‍ ന്യൂസ്), സിജോ കുര്യൻ (കോതമംഗലം വാർത്ത) എന്നിവര്‍ പറഞ്ഞു.
സത്യം വിളിച്ചുപറയുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളെ വളഞ്ഞവഴികളിലൂടെ അടച്ചുപൂട്ടിക്കുവാനുള്ള നീക്കം ഭീരുത്വമാണ്. പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെങ്കില്‍ ആര്‍ക്കും നിയമനടപടി സ്വീകരിക്കാം. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു മാത്രമാണ് ഓണ്‍ലൈന്‍ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നിയമപരമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതെ അക്രമത്തിലൂടെയും ഗുണ്ടായിസത്തിലൂടെയും ചാനലുകള്‍ പൂട്ടിക്കാനുള്ള നീക്കം ശക്തമായി നേരിടുകതന്നെ ചെയ്യും.
നിലമ്പൂര്‍ എം.എല്‍.എ അന്‍വറിന്റെ വെല്ലുവിളി ജനാധിപത്യത്തോടും ഇവിടുത്തെ നിയമ വ്യവസ്ഥയോടുമാണ്. ഒരു ജനപ്രതിനിധിയില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. നിയമ നിര്‍മ്മാണ സഭയില്‍ അംഗമായ പി.വി അന്‍വര്‍ നിയമത്തെ വെല്ലുവിളിച്ചുകൊണ്ടാണ് മറുനാടന്‍ മലയാളിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. അന്‍വറിന്റെ നടപടിക്ക് പാര്‍ട്ടി മൌനാനുവാദം നല്‍കിയിട്ടുണ്ടെന്നുവേണം കരുതുവാന്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ഇടതുപക്ഷ പാര്‍ട്ടികളും നയം വ്യക്തമാക്കണമെന്നും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വ്യക്തമായ തെളിവുകളോടെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നത്. ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ണടക്കുന്ന പല വാര്‍ത്തകളും ജനങ്ങളില്‍ എത്തിക്കുന്നത് ഓണ്‍ലൈന്‍ ചാനലുകളാണ്. പത്രം വായിക്കുവാനും ടി.വി കാണുവാനും പണം നല്‍കണമെങ്കില്‍ ഒരു ചില്ലിക്കാശുപോലും ചെലവില്ലാതെയാണ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തുന്നത്. ലോകത്ത് എന്ത് സംഭവിച്ചാലും നിമിഷനേരംകൊണ്ട് ഓണ്‍ലൈന്‍ ചാനലുകള്‍ അത് ഏറ്റെടുക്കും. അഴിമതിയും തട്ടിപ്പും നടത്തുന്നവര്‍ക്ക് എന്നും ഓണ്‍ലൈന്‍ ചാനലുകളെ ഭയമാണ്. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്നതാണ് ഇതിനു കാരണം. ഭയന്ന് പിന്നോട്ടുമാറുന്നവരല്ല ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകര്‍. മറുനാടന്‍ വിഷയത്തില്‍ ഷാജന്‍ സ്കറിയാക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിക്കൊണ്ട് വാര്‍ത്തകളിലൂടെ ശക്തമായി പ്രതികരിക്കുവാന്‍ കേരളത്തിലെ മുഴുവന്‍ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരും തയ്യാറാകണമെന്നും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു.