കോതമംഗലം : ഭൂതത്താൻകെട്ടിന് സമീപം ജനവാസ മേഖലയിൽ എത്തിയ രാജവെമ്പാലയെ പ്രശസ്ത പാമ്പ് സ്നേഹി മാർട്ടിൻ മേയ്ക്കമാലി പിടികൂടി. നാട്ടിൻ പുറങ്ങളിൽ നിന്നും മാർട്ടിൻ പിടികൂടി രക്ഷപെടുത്തുന്ന 120 -മത്തെ രാജവെമ്പാലയാണ്. പൂച്ചകുത്തിന് സമീപം പരപ്പൻചിറ തെക്കേക്കുടിയിൽ ജോസിന്റെ പുരയിടത്തിന് സമീപത്തുള്ള തോടിന്റെ കൽക്കെട്ടിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. ഇന്നലെ ചൊവ്വാഴ്ച ഉച്ചയോടുകൂടി ജനവാസകേന്ദ്രമായ സ്ഥലത്തു പാമ്പിനെ കാണുന്നത്. ജോസിന്റെ പുരയിടത്തിനോട് ചേർന്നുള്ള കൈത്തോട്ടിൽ ചേര പാമ്പിനെ ഭക്ഷണമാക്കുവാൻ വേണ്ടി പിന്തുടരുന്ന രാജവെമ്പാലയെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പരിസര വാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് പ്രശസ്‌ത പാമ്പ് പിടുത്തക്കാരൻ മാർട്ടിൻ മേക്കമാലി സ്ഥലത്തെത്തുകയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പാമ്പിനെ പിടികൂടുകയായിരുന്നു.
12 അടിയോളം നീളം വരുന്നതും , ആറ് വയസ്സ് പ്രായമുള്ളതുമായ പെൺ വർഗ്ഗത്തിൽപ്പെടുന്ന രാജവെമ്പാലയെയാണ് പിടികൂടിയത്. രാജവെമ്പാലയെ അവയുടെ തനത് ആവാസ വ്യവസ്ഥയായ ഉൾവനത്തിൽ തുറന്ന് വിട്ടു.

You must be logged in to post a comment Login