കോതമംഗലം: മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭയും എഴുത്തച്ഛൻ പുരസ്കാര ജേതാവുമായ ടി. പത്മനാഭനെ മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിൽ ആദരിച്ചു. ‘ഇഗ്നൈറ്റ് ദി യങ് മൈൻ്റ്സ് ‘എന്ന പരിപാടിയുടെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ പായിപ്ര രാധാകൃഷ്ണൻ പങ്കെടുത്തു. അദ്ദേഹം നടത്തിയ ആമുഖ പ്രഭാഷണത്തിൽ കോതമംഗലത്തിന് അഭിമാനകരമായ മേൽവിലാസമുണ്ടാക്കി കൊടുത്ത എം എ കോളേജ് അസോസ്സിയേഷൻ സ്ഥാപക സെക്രട്ടറി പ്രൊഫ. എം. പി വർഗീസിനെ അനുസ്മരിച്ചു. കൂടാതെ ടി. പത്മനാഭൻ കഥകളുടെ അവലോകനവും നടത്തി. തുടർന്ന് അധ്യക്ഷപദം അലങ്കരിച്ച എം എ കോളേജ് അസോസ്സിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് മംഗള പത്രവും പതക്കവും സമ്മാനിച്ച് പൊന്നാടയണിയിച്ച് മഹാകാഥികനെ ആദരിച്ചു. സമ്മാനം സ്വീകരിച്ച് ടി പത്മനാഭൻ നടത്തിയ മറുപടി പ്രസംഗത്തിൽ വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കുമ്പോൾ തനിക്കുണ്ടായിട്ടുള്ള അനുഭവങ്ങളെക്കുറിച്ചും തനിയ്ക്ക് ലഭിച്ച അനുഗൃഹീതരായ ഗുരുക്കന്മാരെക്കുറിച്ചും തൻ്റെ കഥകളുടെ പ്രത്യേകതകളെക്കുറിച്ചും സംസാരിച്ചു. കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. അധ്യാപക – വിദ്യാർത്ഥി ബന്ധം പരസ്പര പൂരകമായാലേ വിദ്യാഭ്യാസത്തിൻ്റെ മൂല്യം സഫലമാകുകയുള്ളൂവെന്നും എല്ലാവരും സത്യസന്ധതയ്ക്ക് ജീവിതത്തിൽ പ്രഥമ പരിഗണന നൽകണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ജൂബി പോൾ സ്വാഗതം ആശംസിച്ചു. കുമാരി മരിയ മാത്യു നന്ദി രേഖപ്പെടുത്തി. കോളേജ് അസോസ്സിയേഷൻ ബോർഡ് മെമ്പേഴ്സും രക്ഷാകർത്തക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.