കോതമംഗലം : മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളേജ് സ്പെയിൻ ആസ്ഥാനമാക്കിയുള്ള പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനി സെയ്‌പ്പെയുമായി ധാരണാപത്രം ഒപ്പുവച്ചു. സോഫ്റ്റ്‌വെയർ വികസന മേഖലയിൽ നാല്പതില്പരം വര്ഷങ്ങളുടെ പാരമ്പര്യമുള്ള സ്പാനിഷ് കമ്പനി ആണ് സെയ്‌പ്പേ. കെട്ടിട രൂപകൽപ്പന നിർമാണ മേഖലകളിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ വിപണിയിൽ പ്രമുഖ സ്ഥാനം ഉള്ളതാണ് ഈ കമ്പനി.
കൊച്ചിയിലെ ഹോളീഡേ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ വച്ച് മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ ബോസ് മാത്യു ജോസ് സെയ്‌പ്പേ എൻജിനീയേഴ്‌സ് സ്പെയിൻ റീജിയണൽ മാനേജർ എവെരിസ്റ്റോ മൊറാട്ട എന്നിവർ ധാരണാപത്രം ഒപ്പിട്ടു പരസ്പരം കൈമാറി. സിവിൽ വിഭാഗം മേധാവി ഡോ എൽസൺ ജോൺ, സിവിൽ വിഭാഗം അദ്ധ്യാപകരായ പ്രൊ ബൈബിൻ പോൾ, ഡോ ബാലു ജോർജ്, ഡോ ഇന്ദു സൂസൻ രാജ്, സെയ്‌പ്പേ എൻജിനീയേഴ്‌സ് സ്ട്രക്ച്ചറൽ എഞ്ചിനീയർ അന്റോണിയോ മാർട്ടിന്‌സ്, സെയ്പ് എഞ്ചിനീയറിംഗ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ സജീവ് ആന്റണി എന്നിവർ സന്നിഹിതർ ആയിരുന്നു.
ഈ പരസ്പര സഹകരണം രണ്ടു കൂട്ടരുടെയും ഗവേഷണത്തിന് ഏറെ സഹായകമാകുമെന്ന് സെയ്‌പ്പേ എൻജിനീയേഴ്‌സ് സ്പെയിൻ റീജിയണൽ മാനേജർ എവെരിസ്റ്റോ മൊറാട്ട പറഞ്ഞു. കോളേജിലെ വിദ്യാർത്ഥികളുടെ പ്രോജെക്ട്കൾ, ഗവേഷണം, ഇന്റേൺഷിപ് എന്നിവയെ കൂടാതെ സമൂഹത്തിനു പ്രയോജനമാകുന്ന കൺസൾട്ടൻസി ജോലികൾ കൂടുതൽ വേഗത്തിൽ ചെയ്തു തീർക്കുന്നതിനും ഈ സഹകരണം വഴി സാധ്യമാകുമെന്ന് പ്രിൻസിപ്പൽ ഡോ ബോസ് മാത്യു ജോസ് കൂട്ടിച്ചേർത്തു.
