കോതമംഗലം :ഇംഗ്ലണ്ടിലെ ബർമിങ്ങാമിൽ നടന്ന കോമൺ വെൽത്ത് ഗെയിംസിൽ പുരുഷ ട്രിപ്പിൾ ജംപിൽ മിന്നും പ്രകടനത്തിലൂടെ ചരിത്രത്തിലേക്ക് ഒരു ചാട്ടം ചാടി സ്വർണ്ണവും, വെള്ളിയും കരസ്ഥമാക്കിയ എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ എന്നീ പൊൻ താരകങ്ങളെ കോതമംഗലം എം. എ. കോളേജ് ആദരിക്കുന്നു. ഈ വരുന്ന ശനിയാഴ്ച (20/08/22) രാവിലെ 11 മണിക്കാണ് സ്വീകരണ പരിപാടിയെന്ന് എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് അറിയിച്ചു .പുരുഷൻ മാരുടെ ട്രിപ്പിൾ ജമ്പിലെ ഇരട്ട മെഡൽ നേട്ടത്തിലൂടെ എൽദോസ് പോളും, അബ്ദുള്ള അബൂബക്കറും ഇന്ത്യയുടെയും,കോതമംഗലം എം. എ. കോളേജിന്റെയും പേരുകൾ ലോക കായിക ഭൂപടത്തിലാണ് എഴുതി ചേർത്തത്.
കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ തെക്കേയറ്റത്തുള്ള കൊച്ചു കേരളം ഇത്രയും തലയുയർത്തി നിന്ന നിമിഷമുണ്ടായിട്ടില്ല. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഗെയിംസിൽ ഇന്ത്യ ഒരു മത്സരത്തിൽ തന്നെ സ്വർണവും, വെള്ളിയും നേടുന്നത്.17.03 മീറ്റർ ചാടിയാണ് എൽദോസ് ഇന്ത്യൻ അത്ലറ്റിക്‌സിന്റെ സുവർണ ചരിത്രത്താളിൽ ഇടം നേടിയത്. തൊട്ടുപിന്നാലെ ഒരു സെന്റിമീറ്റർ വ്യത്യാസത്തിൽ 17.02 മീറ്റർ ചാടി അബ്ദുള്ള അബൂബക്കറും തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കി. ഇരുവരും 2015 കാലഘട്ടത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ സഹ പാഠികളുമാണ്.