കോതമംഗലം :1953 ഒക്ടോബർ 21 ന് രൂപീകരിച്ച കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷന്റെ 70-ാം ജന്മവാർഷികം ആഘോഷിച്ചു. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന പ്രൗഢ ഗംഭീരമായ യോഗത്തിൽ കോളേജ് അസ്സോസിയേഷൻ ചെയർമാൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ അഫ്രേം തിരുമേനി, അധ്യക്ഷനായി.അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, ആൻറണി ജോൺ എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.
മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ സെക്രട്ടറി, ഡോ. വിന്നി വർഗീസ് ആമുഖ പ്രഭാഷണം നിർവ്വഹിച്ചു. പ്രൊഫ. എം.കെ ബാബു ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. യു.ജി.സി. മുൻ വൈസ് ചെയർമാൻ ഡോ. വി. എൻ. രാജശേഖരൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി.
സമ്മേളനത്തിൽ അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ ലോകത്തിലെ ഏറ്റവും മികച്ച രണ്ടു ശതമാനം ശാസ്ത്രജ്ഞരുടെ നിരയിൽ ഇടം നേടിയ മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, 2023 ലെ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം, വെള്ളി മെഡലുകൾ നേടിയ മുഹമ്മദ് അജ്മൽ, 2023 ലെ നാഷണൽ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 20 കി.മീ. റേസ് വോക്കിൽ സ്വർണ്ണം നേടിയ എം.എ. കോളേജിലെ വിദ്യാർത്ഥിയായ ബിലിൻ ജോർജ് , ചന്ദ്രയാൻ ദൗത്യത്തിൽ പങ്കാളിയായ മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളേജ് പൂർവ്വ വിദ്യാർത്ഥി മിഥുൻ ബാബു എന്നിവരെ മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ ആദരിക്കുകയും ചെയ്തു.
1953 ലെ എളിയ തുടക്കത്തിൽനിന്ന് ഇന്ന് ലോകത്തിന് അഭിമാനമായ നേട്ടങ്ങൾ കൈവരിച്ച സ്ഥാപനങ്ങളിലൂടെ മുന്നേറുമ്പോൾ സ്ഥാപക സാരഥികളെ യോഗം അനുസ്മരിച്ചു. പ്രൊഫ. എം.പി വർഗീസ് എന്ന വിദ്യാഭ്യാസ വിചക്ഷണന്റെ ദീർഘദർശനമാണ് മാർ അത്തനേഷ്യസ് സ്ഥാപനങ്ങളെ മികവിന്റെ മാതൃകയാക്കിയതെന്നു ഡീൻ കുര്യാക്കോസ് എം പി അനുസ്മരിച്ചു. പൂർണ്ണ അക്കാദമിക സ്വാതന്ത്ര്യമുള്ള സർവ്വകലാശാല പദവിയിലേക്ക് മാർ അത്തനേഷ്യസ് കോളജുകളുടെ ഉയർച്ചയ്ക്ക് കലാ കായിക ശാസ്ത്ര ഗവേഷണ രംഗത്തെ നേട്ടങ്ങൾ പ്രയോജനപ്പെടും എന്ന് ഡോ. വി എൻ രാജശേഖരൻപിള്ള അഭിപ്രായപ്പെട്ടു. പ്രതിഭകളെ എന്നും പ്രോത്സാഹിപ്പിക്കുന്ന അക്കാദമികാന്തരീക്ഷം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ നൽകുന്നതായി മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ മറുപടി പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷന്റെ സപ്തതിയോടനുബന്ധിച്ച് വിവിധ അക്കാദമിക പ്രവർത്തനങ്ങളും കലാ സാംസ്കാരിക പരിപാടികളും ഉൾപ്പെടെ ഒരു വർഷം നീണ്ടു നില്ക്കുന്ന ആഘോഷങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.