കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ രസതന്ത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ” മൈക്രോ സ്കെയിൽ പരീക്ഷണങ്ങൾ” എന്ന വിഷയത്തിൽ ദ്വിദിന ശിൽപശാല ആരംഭിച്ചു . കോളേജ് പ്രിൻസിപ്പൽ ഡോ . മഞ്ജു കുര്യൻ ശിൽപശാല ഉദ്ഘാടനം ചെയ്തു . നാഗർകോവിൽ സൗത്ത് ട്രാവൻകൂർ ഹിന്ദു കോളേജ് റിട്ട. പ്രൊഫ. എസ് മുരുഗൻ, ചെന്നൈ ലയോള കോളേജ് റിട്ട.പ്രൊഫ. ഡോ. എ. ജയാ രാജേന്ദ്രൻ എന്നിവർ ക്ലാസുകൾക്ക് നേത്യത്വം നൽകി. ലോകത്തിലെ മികച്ച 2% ശാസ്ത്രജ്ഞരുടെ അമേരിക്ക സ്‌റ്റാൻഫോർഡ് സർവകലാശാല റാങ്കിങ്ങിൽ തുടർച്ചയായ മൂന്നാം തവണയും ഇടം നേടിയ പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യനെ ചടങ്ങിൽ ആദരിച്ചു.
രസതന്ത്ര വിഭാഗം മേധാവി ഡോ. അന്നു അന്ന വർഗീസ്,പ്രോഗ്രാം കോർഡിനേറ്റർ ഡോ. മീഗിൾ എസ്. മാത്യു. എന്നിവർ സംസാരിച്ചു. രസതന്ത്ര പരിക്ഷണങ്ങൾ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിൽ മൈക്രോസ്കെയിൽ പരീക്ഷണങ്ങൾക്കുള്ള പ്രാധാന്യം മുഖ്യ ചർച്ചാവിഷയമായി. ഇൻ ഓർഗാനിക്ക്, ഓർഗാനിക്ക്, ഫിസിക്കൽകെമിസ്ട്രി പരീക്ഷണങ്ങളിൽ മൈക്രോസ്‌കെയിൽ തലത്തിൽ പ്രായോഗിക പരിശീലനവും സംഘടിപ്പിച്ചു. സെമിനാർ നാളെ സമാപിക്കും.