കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം
ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ.
സ്റ്റാറ്റിസ്റ്റിക്സ് വിദ്യാർത്ഥി അബ്ദുള്ളക്കുട്ടി കെ. എം, സോഷ്യോളജി വിദ്യാർത്ഥികളായ വിനിൽ എൽദോസ്,മുഹമ്മദ് അൻഷിഫ്, ബോട്ടണി വിദ്യാർത്ഥികളായ അനുരാഗ് ജിജി ,അബ്ദുൽ ബാസിത് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എൻസിസിയുടെ 5 മ്യൂസിക്കൽ ബാൻ്റുകളാണ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. എൻസിസിയുടെ ചരിത്രത്തിലെ തന്നെ അപൂർവ നേട്ടമാണ് കേരളത്തിൽ നിന്നും ആദ്യ പുരുഷ വിഭാഗം ബാൻഡ് ടീം, രാജ്യത്തിന്റെ റിപ്പബ്ലിക് ദിന പരേഡിലേക്ക് തെരഞ്ഞെടു ക്കപ്പെടുന്നത്. ഇന്ന്
ഡിസംബർ 17 ബുധനാഴ്ച തിരുവനന്തപുരം വെള്ളനാട് സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ആരംഭിക്കുന്ന 10 ദിവസത്തെ ലോഞ്ചിങ് ക്യാമ്പിനെതുടർന്ന് ഡിസംബർ 26 ആം തീയതി ഡൽഹിയിലെ എൻസിസി ഹെഡ് കോർട്ടേഴ്സിലേക്ക് ഇവർ യാത്രയാകും.
കേഡറ്റുകളുടെ ഈ നേട്ടത്തിൽ ഏറെ അഭിമാനവും, സന്തോഷവുമുണ്ടെന്നും അവരുടെ തുടർന്നുള്ള യാത്രയിൽ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും കോളജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, എൻസിസി ഓഫീസർ ലെഫ്റ്റനന്റ്. ഡോ. രമ്യ കെ. എന്നിവർ പറഞ്ഞു.
ചിത്രം : റിപ്പബ്ലിക് ദിന പരേഡിൽ ഇടം നേടിയ എം.എ കോളേജിലെ എൻസിസി കേഡറ്റുകൾ പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, എൻ സി സി ഓഫീസർ ലെഫ്റ്റനന്റ്. ഡോ. രമ്യ കെ എന്നിവരോടൊപ്പം



























































