കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ദീർഘകാലത്തെ സേവനം പൂർത്തിയാക്കി വിരമിച്ച അധ്യാപക, അനധ്യാപകർക്ക് യാത്രയയപ്പു നൽകി. കോളേജിലെ ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന പ്രൗഢഗംഭീരമായ യോഗത്തിൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്, 2019 -20 ൽ വിരമിച്ചവർക്കും, 2020-21 ൽ വിരമിക്കുന്നവർക്കും ഒരുമിച്ചാണ് യാത്രയയപ്പു നൽകിയത്. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം യാത്രയപ്പു നൽകുവാൻ കഴിയാതിരുന്നതിനാലാണ് രണ്ടു വർഷങ്ങളിലായി വിരമിച്ചവർക്ക് ഒരേയോഗത്തിൽ യാത്രയയപ്പു നൽകാൻ തീരുമാനിച്ചത്. കോളേജിൻ്റെ ഇന്നത്തെ അക്കാദമിക മികവിനും പാഠ്യതര രംഗത്തുള്ള വളർച്ചക്കും വേണ്ടി ദീർഘകാലം സേവനം ചെയ്ത ഏഴ് അധ്യാപകർക്കും, മൂന്ന് അനധ്യാപകർക്കൂമാണ് യാത്രയയപ്പു നൽകിയത്.
2020 ൽ വിരമിച്ച ഡോ.ജെ.ചിത്ര (ഇക്കണോമിക്സ് വിഭാഗം), ഡോ.കെ. മോഹനൻ പിള്ള (ഹിന്ദി വിഭാഗം), ഡോ.കെ.ബി. ഷേർളി (കെമിസ്ട്രി വിഭാഗം), ഡോ. പി. എൽ.രാധാമണിയമ്മ (ഹിന്ദി വിഭാഗം), രെജു മാത്യൂ ( സ്റ്റോർ കീപ്പർ, ഫിസിക്സ് വിഭാഗം) എന്നിവർക്കും, ഈ വർഷം വിരമിക്കുന്ന അധ്യാപകരായ ഡോ. ജയമ്മ ഫ്രാൻസിസ് (കെമിസ്ട്രി വിഭാഗം)’ പ്രൊഫ. മേഴ്സി വർഗീസ് (മാത്തമാറ്റിക്സ് വിഭാഗം ), ഡോ.മജ്ജുള കെ.( ഇക്കണോമിക്സ് വിഭാഗം), അനധ്യപകരായ ടി.ഇ.കുര്യാക്കോസ് (അഡ്മിനിസ്ട്രറ്റീവ് അസിസ്റ്റൻ്റ് ), അനിത കെ.മാത്യൂ (സീനിയർ ക്ലാർക്ക്) എന്നിവരാണ് ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്നത്.
എം.എ.കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അധ്യക്ഷത വഹിച്ചു. അധ്യാപകർ സാമൂഹിക പ്രതിബദ്ധത ഉള്ളവരും, വിദ്യാർത്ഥികളുടെ മനസിനെ ജ്വലിപ്പിക്കുന്നവരും ആയിരിക്കണമെന്ന് ഡോ. വിന്നി വര്ഗീസ് അധ്യാപക സമൂഹത്തെ ഉത്‌ബോധിപ്പിച്ചു. യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഷാൻറി.എ. അവിരാ, റിട്ട. ടിച്ചേഴ്സ് ഫോറം പ്രസിഡൻറ് പ്രൊഫ.എം.കെ.ബാബു, ഡോ.രാജേഷ് .കെ .തുമ്പക്കര, ഡോ.എൽദോസ് എ.എം., ഡോ.മഞ്ചു കുര്യൻ, റിട്ട. നോൺ ടിച്ചേഴ്സ് ഫോറം പ്രസിഡൻ്റ് ടി.എ. വിജയൻ , കോളേജ് ജൂനിയർ സൂപ്രണ്ട് വി.ഇ. ദിപൂ, ഹെഡ് അക്കൗണ്ടൻ്റ് ബോസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.