കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ കോതമംഗലം ഐ എം എ യുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും, കാൻസർ അവബോധ ശില്പശാലയും നടന്നു .കാർക്കിനോസ് ഹെൽത്ത്‌കെയർ കേരള സി ഇ ഒ & മെഡിക്കൽ ഡയറക്ടർ ഡോ.മോനി അബ്രഹാം ഉദ്ഘാടനം ചെയ്ത് കാൻസർ അവബോധ ക്ലാസ്സ് നയിച്ചു.
കാൻസറിന്റെ കാരണങ്ങളും, വരാതിരിക്കുവാൻ എടുക്കാവുന്ന മുൻകരുതലുകളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.ജീവിതശൈലി, പുകവലി, മദ്യപാനം,അണുബാധ, പാരമ്പര്യം എന്നീ കാരണങ്ങൾക്കൊണ്ടാണ് കാൻസർ വരുന്നതെന്നും,നമ്മുടെ ഓരോരുത്തരുടേയും ശരീരത്തിൽ കാൻസറിനു കാരണമാകാവുന്ന ജീനുകളുണ്ടെന്നും,കാൻസറിനു കാരണമാകുന്ന ഏതാണ്ട് 60 ഓളം രാസവസ്തുക്കൾ പുകയിലയിൽ തന്നെ അടങ്ങിയിട്ടുണ്ടെന്നും,കാൻസറിൽ മൂന്നിലൊന്നിനും കാരണം ഭക്ഷണരീതിയിലെ അപാകതയാണെന്നും
ഡോ. മോനി അബ്രഹാം പറഞ്ഞു.
പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. കെ. എം. കുര്യാക്കോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.കാൻസർ രോഗത്തിൽ നിന്നും അതിജീവിച്ച തന്റെ സഹോദരിയുടെ അനുഭവ സാക്ഷ്യം അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗത്തിൽ പങ്കുവെച്ചത് ഏവർക്കും ഹൃദയസ്പർശിയായിരുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോതമംഗലം ബ്രാഞ്ച് പ്രസിഡന്റും, സെന്റ്. ജോസഫ്സ് (ധർമ്മഗിരി)ആശുപത്രി ശിശുരോഗ വിദഗ്ദ്ധയുമായ ഡോ. ലിസ തോമസ്,ഹോമിയോപ്പതി വിദഗ്ദ്ധൻ ഡോ. ഷാജി കോടിയാട്ട്,പൂർവ്വവിദ്യാർത്ഥി അസോസിയേഷൻ സെക്രട്ടറി ബാബു ഏലിയാസ്, വൈസ് പ്രസിഡന്റ് പി. കെ. മോഹനചന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ജോയിന്റ് സെക്രട്ടറി ആശ ലില്ലി തോമസ്, ട്രഷറർ ഷാരി സദാശിവൻ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം കൊടുത്തു.ആസ്ത്മ, ജനറൽ മെഡിസിൻ, ശിശുരോഗം, അസ്ഥി രോഗം, ദന്ത, നേത്ര വിഭാഗങ്ങൾ , ശ്വാസകോശം, സ്ത്രീരോഗം, വിളർച്ച, തൈറോയ്ഡ്, അലർജി, ജീവിതശൈലി തുടങ്ങി നിരവധി വിഭാഗങ്ങളിലെ ഡോക്ടർമാർ പരിശോധനക്ക് നേതൃത്വം നൽകി .ചേലാട് സെന്റ്. ഗ്രീഗോറിയോസ് ഡെന്റൽ കോളേജ്, അഹല്യ ഫൌണ്ടേഷൻ ഐ ഹോസ്പിറ്റൽ മുവാറ്റുപുഴ ടീം അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.