കോതമംഗലം: കവളങ്ങാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് വിപ്പ് ലംഘിച്ച അംഗങ്ങളെ കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കുന്നതിന് നിയമനടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. കവളങ്ങാട് പഞ്ചായത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിപ്പ് ലംഘിച്ച സിബി മാത്യു, ലിസി ജോളി, ഉഷ ശിവന്‍ എന്നിവരെയാണ് കോണ്‍ഗ്രസ് പ്രാഥമികാഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. രണ്ടര വര്‍ഷത്തെ ഭരണത്തിന്റെ തുടക്കം മുതലെ ഭരണസ്തംഭനത്തിന് വിമതര്‍ നീക്കം നടത്തി. തുടക്കത്തില്‍ രണ്ട് സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനം നഷ്ടപ്പെടുത്തിയതിന് പിന്നിലും പ്രവര്‍ത്തിച്ചിരുന്നത് ഇവരായിരുന്നുവെന്ന് തിരിച്ചറിഞ്ഞതായും കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. പാര്‍ട്ടി വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസത്തില്‍ ഒപ്പിട്ട അഡ്വ. എം.കെ. വിജയനെതിരെ കാരണം കാണിക്കല്‍ നോട്ടീസും നല്‍കും. ആദ്യം വിമതര്‍ക്കൊപ്പം നില്‍ക്കുകയും പിന്നീട് പാര്‍ട്ടി വിപ്പ് അംഗീകരിക്കുകയും ചെയ്ത വിജയനാണ് വിമതപ്രവര്‍ത്തനത്തിന് തുടക്കമിട്ടതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തക്കതായ കാരണമില്ലാതെയാണ് സിബി മാത്യു ഉള്‍പ്പടെയുള്ളവര്‍ വിമതപ്രവര്‍ത്തനം നടത്തിയത്. പ്രസിഡന്റ് മാറ്റവുമായി ബന്ധപ്പെട്ട ധാരണ നടപ്പാക്കുന്നതില്‍ കാലതാമസമുണ്ടായിട്ടില്ല. എം.കെ. വിജയനെ പ്രസിഡന്റാക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് ഔദ്യോഗികമായി അറിയിച്ചിരുന്നതാണ്. സി.പി.എമ്മുമായി ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയുടെ ഫലമാണ് ഇപ്പോഴത്തെ രാഷ്ട്രീയനീക്കമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കൂറുമാറ്റ നിരോധനനിയമപ്രകാരം കൂറുമാറിയവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഉടന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.