കോതമംഗലം: കനത്തമഴയില്‍ ഇടമലയാറില്‍ ഡാമിന് സമീപത്തും താളുംകണ്ടം റോഡിലും മണ്ണിടിച്ചില്‍. താളുംകണ്ടം റോഡില്‍ മണ്ണിടിഞ്ഞ് റോഡ് 100 മീറ്ററോളം തകര്‍ന്നു. പൊങ്ങിന്‍ചോട് ആദിവാസി ഊരിലേക്കുള്ള പാലത്തിനും ഭാഗികമായി കേടുപാട് സംഭവിച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഉണ്ടായ കനത്തമഴയിലാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡ് തകര്‍ന്നത്. ഇടമലയാര്‍ ഡാമിന് ഏതാനും മീറ്റര്‍ ഇപ്പുറത്ത് വ്യു പോയിന്റിന് സമീപത്തും, ഇടമലയാര്‍ ഡാം-താളുംകണ്ടം റോഡില്‍ വൈശാലി ഗുഹക്ക് ഏതാനും മീറ്റര്‍ താഴേയുമാണ് ശക്തമായ മണ്ണിടിച്ചില്‍ സംഭവിച്ചത്. താളുംകണ്ടം ഗിരിവര്‍ഗ ഊരിലേക്കുള്ള റോഡിലേക്ക് മണ്ണിടിഞ്ഞ് വലിയപാറക്കല്ലും മരങ്ങളും കടപുഴകി വീണ് റോഡിന് കേടുപാടുണ്ടായി. ഊരിലേക്ക് വൈദ്യുതി കൊണ്ടുപോകുന്ന അണ്ടര്‍ ഗ്രൗണ്ട് കേബിള്‍ ഭാഗത്തെ മണ്ണ് കുത്തിയൊലിച്ച് പോയി കേബിള്‍ പുറത്തുകാണാവുന്ന വിധത്തിലായി. കേബിള്‍ തകരാര്‍ മൂലം പ്രദേശത്ത് മൂന്ന് ദിവസമായി വൈദ്യുതി നിലച്ചിരിക്കുകയാണ്. വൈദ്യുത കേബിളിന് സമീപത്ത് കൂടി വലിച്ചിട്ടുള്ള നിര്‍മ്മാണത്തിലുള്ള ബി.എസ്.എന്‍.എല്‍. ടവറിലേക്ക് കൊണ്ടുപോകുന്ന യു.ജി. കേബിളിനും തകരാര്‍ സംഭവിച്ചിട്ടുണ്ട്.
മണ്ണിടിഞ്ഞ് റോഡിലേക്ക് വീണ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഡാമിന് സമീപത്ത് റോഡിലേക്ക് മണ്ണിടിഞ്ഞത് കെ.എസ്.ഇ.ബി. അധികൃതര്‍ തന്നെ നീക്കം ചെയ്തു. താളുംകണ്ടം റോഡില്‍ വീണ മണ്ണും പാറക്കല്ലുകളും താളുംകണ്ടം, പൊങ്ങിന്‍ചോട് ഗിരിവര്‍ഗ ഊരുകളിലെ ആദിവാസികള്‍ എത്തി ഏറെപണിപ്പെട്ട് മണികൂറുകള്‍ക്ക് ശേഷം വ്യാഴാഴ്ച ഉച്ചയോടെയാണ് നീക്കം ചെയ്തത്. താളുംകണ്ടം ഊരില്‍നിന്ന് പൊങ്ങിന്‍ചോട് ഊരിലേക്ക് പോകുന്ന റോഡിലെ ചെറിയ പാലത്തിനും മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകര്‍ച്ച നേരിട്ടിട്ടുണ്ട്. തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന് തടിയും മറ്റ് പാലത്തിന് മുകളില്‍ അടിച്ചാണ് കേടുപാട് ഉണ്ടായത്.
രണ്ട് കുടികളില്‍നിന്നുള്ള കുട്ടികള്‍ക്ക് ഗതാഗത തടസ്സം കാരണം സ്‌കൂളില്‍ പോകാനായില്ല. ഇടമലയാര്‍ ഗവണ്‍മെന്റ് യു.പി. സ്‌കൂളിലാണ് കുട്ടികള്‍ പഠിക്കുന്നത്.
