അയർലൻഡ്: അയർലൻഡിലെ ലോക്കൽ ബോഡി തെരഞ്ഞെടുപ്പിൽ ഊന്നുകൽ സ്വദേശിക്ക് തകർപ്പൻ ജയം. അയർലന്റിലെ ഡബ്ലിൻ സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയകൊടി പാറിച്ചത് ഊന്നുകൽ സ്വദേശിയായ ഫെൽജിൻ ജോസാണ്. ഊന്നുകൽ നമ്പൂരിക്കൂപ്പ് സ്വദേശികളായ പൈനാപ്പിള്ളിൽ ജോസ് സെബാസ്റ്റൃൻ ( ജോയി) കൊച്ചുറാണി ദമ്പതികളുടെ മകനാണ് ഫെൽജിൻ. പതിനെട്ടു വർഷം മുൻപാണ് ജോയിയും കുടുബവും അയർലണ്ടിലേക്ക് കുടിയേറിയത്.
അയർലൻഡിലെ ഡബ്ലിൻ സിറ്റി കൗൺസിൽ കാബ്ര ഡിവിഷനിൽ നിന്നാണ് ഫെൽജിൻ കൗൺസിലിലേക്ക് തെരെഞ്ഞടുക്കപ്പെട്ടത് .ഗ്രീൻ പാർട്ടി സ്ഥാനാർഥിയായിട്ടാണ് ഫെൽജിൻ ജോസ് മത്സരിച്ചത്.
ഡബ്ലിൻ ഫിൻഗ്ലസിലാണ് ജോയിയും കുടുബവും താമസിക്കുന്നത്. അയർലണ്ടിലെത്തിയ ആദ്യകാല മലയാളി പ്രവാസികളിൽ പ്രമുഖനാണ് ജോയ്. തങ്ങൾക്ക് ഏറെ സുപരിചിതനായ ജോയുടെ മകൻ തെരഞ്ഞെടുപ്പ് രംഗത്തേക്ക് എത്തിയതോടെ ഏറെ പ്രതീക്ഷയിലായിരുന്നു ഐറിഷ് മലയാളി സമൂഹം.
ഭൗതികശാസ്ത്ര ഗവേഷക വിദ്യാർത്ഥിയും, പരിസ്ഥിതി പ്രവർത്തകനുമാണ് ഫെൽജിൻ. ഫെൽജിൻ ചെയർപേഴ്‌സൺ ആയ ഡബ്ലിൻ കമ്മ്യൂട്ടർ കോയലിഷൻ എന്ന ഗ്രൂപ്പ് ഡബ്ലിനിലെ ഗതാഗത മേഖലയ്ക്ക് മികച്ച സംഭാവനകൾ നൽകി ജനശ്രദ്ധ ആകർഷിച്ചിരുന്നു.