കോതമംഗലം : പല്ലാരിമംഗലം മണിക്കിണർ പാലത്തിന്റെ നിർമ്മാണത്തിന് മുന്നോടിയായി അപ്പ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായി മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു.ആന്റണി ജോണി എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്. പല്ലാരിമംഗലത്ത് നിന്നും സമീപ പഞ്ചായത്തുകളായ കവളങ്ങാട്,പോത്താനിക്കാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളിലേക്കും ഇടുക്കി ജില്ലയിലേക്കും എളുപ്പത്തിൽ എത്തിച്ചേരുവാൻ സഹായകരമായതും, പ്രദേശത്തിന്റെ വികസനത്തിന് വലിയ സാധ്യത ഉള്ളതുമായ ഒന്നാണ് മണിക്കിണർ പാലം .
ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബഡ്‌ജറ്റിൽ പദ്ധതി നിർവഹണത്തിനായി 928 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതുമാണ് .എന്നാൽ അപ്പ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കൽ വൈകുന്നതുമൂലം പാലം നിർമ്മാണം ആരംഭിക്കുവാൻ കഴിഞ്ഞിട്ടില്ല എന്നും എം എൽ എ സഭയുടെ ശ്രദ്ധയിൽപ്പെടുത്തി.
കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം പഞ്ചായത്തിലെ മണിക്കിണര്‍ പാലം അപ്രോച്ച് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള 11(1) വിജ്ഞാപനം 01.03.2024 ന് പ്രസിദ്ധികരിച്ചിട്ടുണ്ട്. ബി.വി.ആര്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.ആര്‍.എഫ്.സി.റ്റി .എല്‍.എ.ആര്‍.ആര്‍ ആക്ട് 2013 പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ച് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതാണെന്ന് മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു.