കുട്ടമ്പുഴ : കാട്ടുപട്ടിക്ക് മുന്നിൽ അരുമയെ നഷ്ടപ്പെട്ട അമ്മയുടെ വേദന ക്യാമറയിൽ പകർത്തി കുട്ടമ്പുഴയിലെ യുവ ഫോട്ടോഗ്രാഫറായ വിനോദ് കല്ലറക്കൽ. ഇന്ന് രാവിലെ പുഴയിൽ കുഞ്ഞുമായി വന്ന കാട്ടിൽ വളർന്ന എരുമക്കാണ് ഒരു മാസത്തിൽ താഴെ പ്രായം തോന്നിക്കുന്ന കുഞ്ഞിനെ നഷ്ടമായത്. കാട്ടുപട്ടി കുഞ്ഞിനെ പിടിക്കുന്നതിനായി ഏറെ നേരം കരയിൽ പാറക്കല്ലിൽ ഇരുന്നശേഷമാണ് വേട്ടയാടൽ തുടങ്ങിയത്. അപകടം മണത്തറിഞ്ഞ എരുമ കുഞ്ഞുമായി കാട്ടിലേക്ക് കയറുവാൻ തുടങ്ങിയപ്പോൾ കുഞ്ഞിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തുകയായിരുന്നു.
കാട്ട്എരുമ കുഞ്ഞിനെ രക്ഷിക്കുവാൻ ശ്രമിച്ചെങ്കിലും വിഫലമാകുകയായിരുന്നു. പലപ്പോളും കൂട്ടമായി വന്ന് ഇരയെ വേട്ടയാടി ഭക്ഷിക്കുന്നതാണ് കാട്ടുപട്ടികളുടെ പൊതു സ്വഭാവം. അതിൽ നിന്നും വിഭിന്നമായി ഒറ്റക്ക് ഇരയെ കീഴ്‌പ്പെടുത്തി ഭക്ഷിക്കുന്നത് അപൂർവ്വമായി മാത്രമേ കാണാറുള്ളൂ.
കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയ ഇരയെ അവിടെ വെച്ച് ഭൂരിഭാഗവും ഭക്ഷിച്ച ശേഷമാണ് കാട്ടുപട്ടി തന്റെ മണിക്കൂറുകൾ നീണ്ടുനിന്ന ഒറ്റക്കുള്ള ഇര തേടലും വേട്ടയാടലും പൂർത്തിയാക്കി മടങ്ങിയത്. എരുമ തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ട വേദനയിലും കാട്ടിലേക്ക് മടങ്ങി.