കുട്ടമ്പുഴ: ഉരുളൻതണ്ണി ആറാം ബ്ലോക്ക് ഭാഗത്ത് പണിത തടയണ അശാസ്ത്രീയമെന്ന് പരാതി. ഒരുമാസം മുമ്പാണ് ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്ന് അനുവദിച്ച പദ്ധതിപ്രകാരം 25 ലക്ഷം രൂപയുടെ തടയണ നിർമാണം പൂർത്തിയാക്കിയത്. ഇതിനിടെ കനത്ത മഴയിൽ തോട്ടിലൂടെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട് പ്രദേശത്ത് വെള്ളപ്പൊക്കഭീതി സൃഷ്ടിക്കുകയും ചെയ്തു. നാല് ആദിവാസികളുടെ പുരയിടത്തിന്റെ ഒരുഭാഗം ഇടിഞ്ഞുപോകുകയും തേക്ക് ഉൾപ്പെടെ പത്തോളം വൻമരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. മണ്ണിടിഞ്ഞ് ഒരു വൈദ്യുതത്തൂണും അപകടഭീഷണിയിലാണ്. വനഭൂമിക്കും നാശം ഉണ്ടാക്കിയിട്ടുണ്ട്. പന്തപ്ര ആദിവാസി ഊരിലെ ചിന്നതമ്പി, കാഞ്ചിയപ്പൻ, ലക്ഷ്മി വേലുസ്വാമി, പ്രഭു എന്നിവരുടെ പുരയിടത്തിലാണ് വെള്ളംകയറി മണ്ണിടിഞ്ഞ് മരങ്ങൾ നിലംപതിച്ചത്. ചെക്ക്‌ഡാമിന് സമീപത്തും തോടിന്റെ തീരം ഇടിഞ്ഞുപോയിട്ടുണ്ട്.
പത്ത് തൂണുകളിലും ഒമ്പത് സ്പാനുകളിലുമായിട്ടാണ് മൂന്ന് മീറ്ററോളം ഉയരത്തിൽ തടയണ കെട്ടിപ്പൊക്കിയിരിക്കുന്നത്. മണ്ണിനടിയിൽ പണിയേണ്ട തൂണുകളുടെ അടിത്തറ ഒരു മീറ്ററോളം മുകളിലായിട്ടാണ് പണിതിരിക്കുന്നതെന്ന് ആരോപണമുണ്ട്. ബെഡ് ലെവൽ ഉയർത്തി പണിതിരിക്കുന്നതുകൊണ്ട് വെള്ളത്തിന്റെ ഒഴക്ക് തടസ്സപ്പെട്ട് ദിശമാറിയാണ് ഇപ്പോൾ തോട് ഒഴുകുന്നതെന്ന് ആദിവാസികളും നാട്ടുകാരും ചൂണ്ടിക്കാട്ടി. വേനൽക്കാലത്ത് വെള്ളക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ പണിത തടയണ മഴക്കാലത്ത് ജനജീവിതത്തിനുതന്നെ ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് ശക്തമായ മഴയിൽ പ്രദേശത്ത് വെള്ളപ്പൊക്കം ഉണ്ടായപ്പോൾ ഉരുൾപൊട്ടിയതാണെന്നാണ് ജനം ആദ്യം കരുതിയത്. ഉരുളൻതണ്ണി തോട്ടിലെ ഒഴുക്കിന് തടസ്സമില്ലാത്തവിധം തടയണയുടെ നിർമാണത്തിലെ അപാകം പരിഹരിക്കണമെന്ന് പന്തപ്ര ആദിവാസി ഊരുമൂപ്പൻ കുട്ടൻ ഗോപാലനും കാണിക്കാരൻ കണ്ണൻ മണിയും ആവശ്യപ്പെട്ടു.