കുട്ടമ്പുഴ : ആദിവാസി മേഖലയിലെ കർഷകരുടെ ഉന്നമനത്തിനും, അവരുടെ ജീവിത രീതികൾ നേരിട്ട് അറിയുന്നതിനുമായി ജില്ലാ കൃഷി ഉദോസ്ഥർ അടങ്ങുന്ന സംഘം കുട്ടമ്പുഴ പിണവൂർകുടി സന്ദർശിച്ചു. ഉദ്യോഗസ്ഥരും കർഷകരും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് മൂന്ന് ഊരുകളിലെ 75 ൽ പരം വീടുകൾ സന്ദർശിച്ച് വിവരശേഖരണം നടത്തി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. സി. റോയി അദ്ധ്യക്ഷത വഹിച്ച കർഷക സംഗമം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എം എ ബഷീർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എറണാകുളം ജില്ല പ്രിൻസിപ്പൽ ക്യഷി ഓഫീസർ രാജി ജോസ് പദ്ധതി വിശദികരണം നടത്തി, തുടർന്ന് മുതിർന്ന കർഷകനായ പരമേശ്വരനെ യോഗത്തിൽ ആത്മ പ്രൊജക്റ്റ് ഡയറക്ടർ ഷീല പോൾ പൊന്നാട അണിയിച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയിംസ് കോറമ്പൽ, ബ്ലോക്ക് മെമ്പർ ഗോപി , ക്യഷി ഡെപ്യൂട്ടി ഡയറക്ടർമാരായ അനിത ജെയിംസ്, ജോസഫ് ജോഷി വർഗ്ഗീസ് ,തോമസ് സാമുവൽ, ഇന്ദു പി നായർ ,ഓടക്കാലി കാർഷിക സർവകലാശാല ഗവേഷകേന്ദ്രത്തിലെ സയൻ്റിസ്റ്റ് ആയിഷമോൾ, പട്ടികവർഗ്ഗ സംസ്ഥാന ഉപദേശ സമിതി അംഗം ഇന്ദിരക്കുട്ടി രാജു ,ഊര് മുപ്പത്തി ശോഭന മോഹൻ എന്നിവർ സംസാരിച്ചു യോഗത്തിന് വാർഡ് മെമ്പർ ബിനീഷ് നാരായണൻ സ്വാഗതവും കൃഷി അസിസ്റ്റൻറ് ഡയറക്ടർ സിന്ധു വിപി നന്ദിയും അർപ്പിച്ചു. ആനന്ദൻ കുടി, പിണവൂർ കുടി, വെളിയത്തു പറമ്പ് എന്നീ മൂന്നു ഊരുകളിലായാണ് ഉദ്യോഗസ്ഥർ ഗൃഹ സന്ദർശനം നടത്തിയത്.
ഊരു നിവാസികൾ നേരിടുന്ന പ്രശ്നങ്ങളേയും, അവരുടെ ആവശ്യങ്ങളെയും സംബന്ധിച്ച് വിശദമായ വിവരശേഖരണം നടത്തി. തുടർന്ന് ഗ്രൂപ്പുകൾ ചേർന്ന് ചർച്ച നടത്തുകയും ചെയ്തു. ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച് ജില്ല കളക്ടർക്ക് സമർപ്പിക്കുന്നതാണന്ന് ജില്ല കൃഷി ഓഫീസർ അറിയിച്ചു. ഊരുനിവാസികളുടെ വിവിധ കലപരിപാടികളും സംഘടിപ്പിച്ചു. വിവിധ ബ്ലോക്കുകളിൽ നിന്നുള്ള കൃഷി അസിസ്റ്റൻ്റ് ഡയറക്ടർമാർ, കൃഷി ഓഫീസർമാർ, കൃഷി അസിസ്റ്റൻ്റുമാർ എന്നിവർ നേതൃത്വം നൽകി.