കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ തലവച്ചപാറ,കുഞ്ചിപ്പാറ ആദിവാസി കോളനികൾ വൈദ്യുതീകരിക്കുവാൻ 4.07 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.പൂയംകുട്ടി ബ്ലാവനയിൽ നിന്നും പൂയംകുട്ടി പുഴയ്ക്ക് കുറുകെ 150 മീറ്റർ ഓവർ ഹെഡ് ലൈൻ വലിച്ച് തുടർന്ന് വനത്തിലൂടെ 5500 മീറ്റർ ഭൂഗർഭ കേബിൾ കല്ലേലിമേട് വരെ സ്ഥാപിക്കും.തുടർന്ന് കല്ലേലിമേട്ടിൽ നിന്നും യഥാക്രമം കുഞ്ചിപ്പാറയിലേക്ക് 3500 മീറ്ററും,തലവച്ച പാറയിലേക്ക് 4000 മീറ്ററും ദൂരത്തിൽ 11 കെ വി ഭൂഗർഭ കേബിളുകൾ സ്ഥാപിക്കും.കുഞ്ചിപ്പാറ,തലവച്ചപാറ എന്നിവിടങ്ങളിൽ പുതുതായി സ്ഥാപിക്കുന്ന 2 ട്രാൻസ്‌ഫോർമറിൽ നിന്നും പ്രദേശത്തെ വീടുകളിലേക്ക് 6 കിലോമീറ്ററോളം വരുന്ന എൽ റ്റി എ ബി സി കേബിളുകൾ സ്ഥാപിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.സാധാരണ വലിക്കുന്ന കമ്പികൾക്ക് പകരം വൃക്ഷങ്ങൾ ഒടിഞ്ഞു വീണാലും ശിഖരങ്ങൾ മുട്ടിയാലും വൈദ്യുതി തടസ്സം ഉണ്ടാകാത്ത പ്രത്യേകത ഉള്ളതാണ് എ ബി സി കേബിൾ.11 കെ വി ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനാൽ മരങ്ങൾക്ക് കാറ്റ് മൂലമുള്ള തടസ്സം ഉണ്ടാകുന്നതല്ല.കുഞ്ചിപ്പാറ കോളനിയിൽ 95 കുടുംബങ്ങൾക്കും,തലവച്ചപാറ കോളനിയിൽ 78 കുടുംബങ്ങൾക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാകും.4 കോടി 7 ലക്ഷത്തി രണ്ടായിരം രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്.പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള അനുമതി വനം വകുപ്പിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ട്.പ്രസ്തുത കോളനികളിലെ വൈദ്യുതീകരണമെന്ന ആവശ്യം പ്രദേശങ്ങളിലെ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്.ഈ ആവശ്യമാണ് ഇപ്പോൾ സാക്ഷാത്കരിക്കപ്പെടുന്നത്. കോളനികളിലേക്കുള്ള വൈദ്യുതീകരണ പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കുമെന്നും ആന്റണി ജോൺ എം എൽ എ അറിയിച്ചു.
