കോതമംഗലം :- സംസ്ഥാന സർക്കാർ അധികാരമേറ്റെടുത്ത് ഒരു വർഷം പൂർത്തിയാകുന്ന വേളയിൽ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കോതമംഗലം നിയോജക മണ്ഡലത്തിലെ കോതമംഗലം – കോട്ടപ്പടി – കുറുപ്പംപടി – കൂട്ടിക്കൽ റോഡ് മാർച്ച് 31 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് വീഡിയോ കോൺഫെറൻസ് വഴി മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആധുനിക രീതിയിൽ ബി എം ബി സി നിലവാരത്തിലാണ് റോഡ് നവീകരിച്ചത്. റോഡ് നവീകരണത്തിന്റെ ഭാഗമായി ആവശ്യമുള്ളിടത്ത് റോഡിന് വീതി വർദ്ധിപ്പിച്ചും,വെള്ളക്കെട്ട് വരുന്ന ഭാഗം ഉയർത്തിയും,കൂടുതൽ വെള്ളക്കെട്ട് ഉള്ള ഭാഗം ഇന്റർലോക്ക് ടൈൽ വിരിക്കൽ,കൾവെർട്ട് നിർമ്മാണം,ഡ്രൈനേജ്,സംരക്ഷണ ഭിത്തി,സൈൻ ബോർഡുകൾ,ട്രാഫിക് സേഫ്റ്റി ഐറ്റംസ് അടക്കമുള്ള പ്രവർത്തികളാണ് നടക്കുന്നത്.കോട്ടപ്പടി ചേറങ്ങാനാൽ കവലയിൽ വച്ചാണ് ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്നും എം എൽ എ അറിയിച്ചു.


























































