- ജെറിൽ ജോസ് കോട്ടപ്പടി.
കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്ത് കോംപ്ലക്സിൽ സ്ഥിതിചെയ്യുന്ന വാട്ടർ ടാങ്ക് ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. നാല്പതിലേറെ വർഷം പഴക്കമുള്ള ഈ വാട്ടർ ടാങ്ക് അറ്റകുറ്റപണികൾ നടത്തുവാനോ പുതിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുവാനോ ഇതുവരെ സാധിച്ചിട്ടില്ല. പലതവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അവഗണന മാത്രമാണ് ഫലം എന്നാണ് നാട്ടുകാർ പറയുന്നത്. വാട്ടർ ടാങ്കിന്റ പല തൂണുകളും കാലപഴക്കം കൊണ്ട് ദ്രവിച്ചു പോയി.
ആയിരകണക്കിന് ആളുകൾ വന്നു പോകുന്ന ചേറങ്ങനാൽ കവലയിൽ പോലീസ് സ്റ്റേഷനോട് ചേർന്ന് 200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാട്ടർടാങ്ക് ഉയർത്തുന്ന ഭീഷണി ചെറുതൊന്നുമല്ല. വർഷങ്ങളായി ടാങ്കിന് അടിയിലെ വാൽവ് പൊട്ടിവെള്ളം പാഴായി കൊണ്ടിരിക്കുന്നു. അതുപോലും നന്നാക്കാൻ വാട്ടർ അതോറിറ്റിയിലെ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. അറുപതിനായിരം അധികം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിൽ നിന്നും ദിവസേന ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് വാൽവിലൂടെ ചോർന്നു പോയിക്കൊണ്ടിരിക്കുന്നത്.
നൂറുകണക്കിനാളുകൾക്ക് കുടിവെള്ളമെത്തിക്കുന്ന വാട്ടർ ടാങ്ക് ആണിത്. കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താതെ അധികാരികളുടെ മെല്ലെപ്പോക്ക് ആണ് ഈ വാട്ടർ ടാങ്കിനെ അപകടകരമായ അവസ്ഥയിലേക്ക് എത്തിച്ചത്. നൂറുകണക്കിന് ആളുകളുടെ ജീവൻ തന്നെ ഭീഷണിയുള്ള വാട്ടർ ടാങ്ക് എത്രയും ഇവിടെ നിന്ന് മാറ്റി കണ്ടെത്തിയിട്ടുള്ള സ്ഥലത്ത് യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മിക്കണമെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം. ടാങ്കിന്റെ ശോചനീയമായ അവസ്ഥ മനസ്സിലാക്കി പുതിയത് പണിയുവാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രിസിഡന്റ് മിനി ഗോപി വെളിപ്പെടുത്തി.