കോതമംഗലം : അടുക്കും ചിട്ടയുമുള്ള ഔദ്യോഗിക പ്രവർത്തനങ്ങൾക്കൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള സേവനം നൽകുന്നതു കൂടി പരിഗണിച്ചാണ് ജില്ലയിലെ 12 ഉദ്യോഗസ്ഥരെ സ്തുത്യർഹ സേവനത്തിനുള്ള ജില്ലാ കളക്ടറുടെ സിവിലിയൻ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. അവരവരുടെ ഔദ്യോഗിക ജോലിക്കുമപ്പുറം ആത്മാർത്ഥമായി വിവിധ സേവനങ്ങൾ നൽകിയവരെയാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി.മൊയ്തീനിൽ നിന്ന് കോട്ടപ്പടി വില്ലേജ് ഓഫീസർ പി.എം.റഹിം പുരസ്‌കാരം ഏറ്റുവാങ്ങി.
1956 ൽ കോട്ടപ്പടിയിൽ ആരംഭിച്ച വില്ലേജ് ഓഫീസ് 1996 മുതൽ നിലവിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു. ഏകദേശം 25 വർഷത്തോളം പഴക്കമുള്ള നിലവിലെ കെട്ടിടം ചോർന്ന് ഒലിക്കുകയും, വിവിധ റെക്കോഡുകൾ അടക്കം നനഞ്ഞ് കുതിർന്ന് നശിച്ചു പോകുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ ഫണ്ടും, പൊതുജന പങ്കാളിത്തത്തോടും കൂടി വില്ലേജ് ഓഫീസ് നവീകരിച്ച് സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കി മാറ്റിയത് .
സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കി മാറ്റുന്നതിന്റെ ഭാഗമായി നിലവിലെ കെട്ടിടത്തിൽ ഷീറ്റ് ഉപയോഗിച്ച് മേൽക്കൂര നിർമ്മാണവും,മുറ്റം ടൈൽ വിരിച്ചും, ചുറ്റുമതിലും, ഗേറ്റും നിർമ്മാണവുമടക്കമുള്ള പ്രവർത്തികൾ പൂർത്തിയാക്കി.അങ്ങനെ ഗ്രാമീണ മേഖലയായ കോട്ടപ്പടിയിലെ നാട്ടുകാരുടെയും അഭ്യുദയ കാംഷികളുടെയും സഹായ സഹകരണത്തോടെ കോട്ടപ്പടി സ്മാർട്ട് വില്ലേജ് ഓഫീസ് ആയി മാറുകയായിരുന്നു.
കഴിഞ്ഞ പ്രളയ സമയത്തു കോട്ടപ്പടിയിലെ പൊതുജനങ്ങളുടെയും കോട്ടപ്പടി വില്ലേജ് ഓഫീസിലെ ജീവനക്കാരുടെയും സഹകരണത്തോടെ വയനാട് മേഖലയിൽ നടത്തിയ പ്രവർത്തനങ്ങളും പി.എം.റഹിമിനെ പുരസ്‌കാരത്തിന് പരിഗണിക്കുകയായിരുന്നു. കോട്ടപ്പടിയിലെ ജനങ്ങളുടെ ഒത്തൊരുമയും സഹകരണവും കൊണ്ട് മാത്രമാണ് ജില്ലാ കളക്ടറുടെ സിവിലിയൻ പുരസ്കാരത്തിന് അർഹനാകുവാൻ സാധിച്ചതെന്ന് പി.എം.റഹിം വ്യക്തമാക്കുന്നു.
You must be logged in to post a comment Login