- ജെറിൽ ജോസ് കോട്ടപ്പടി
കോതമംഗലം : ആധുനിക നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കിയ റോഡുകൾ, പൊതു മരാമത്ത് വകുപ്പ് മറ്റ് ഡിപ്പാർട്ട്മെന്റ്കളുമായി ഏകോപനമില്ലാതെ പൂർത്തിയാക്കിയതാണെന്ന ആക്ഷേപമുയർന്നു. നിലവിൽ പണിപൂർത്തിയാക്കിയ കോട്ടപ്പടി -കോതമംഗലം, കോട്ടപ്പടി – വാവേലി -മാലിപ്പാറ റോഡുകളിലാണ് ആക്ഷേപം ഉയർന്നത്. ബിഎംബിസി നിലവാരത്തിൽ പണി പൂർത്തിയാക്കിയ റോഡ്, പണി കഴിഞ്ഞ് രണ്ടു മാസം ആവുമ്പോഴേക്കും പത്തിലധികം സ്ഥലത്ത് നിലവിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡ് തകർന്നു. റോഡ് പണിക്ക് മുമ്പ് വർഷങ്ങളായി തുരുമ്പിച്ചു കിടക്കുന്ന പൈപ്പ് മാറ്റുവാനോ, മറ്റ് അറ്റകുറ്റപ്പണികൾ നടത്തുവാനോ വാട്ടർ അതോറിറ്റികാർ തയ്യാറായിട്ടില്ല, അതിന്റെ പരിണിതഫലം എന്നോണം ആധുനികരീതിയിലുള്ള ടാറിങ് യന്ത്ര സാമിഗ്രികൾ ഉപയോഗിക്കുമ്പോൾ റോഡിന്റെ അടിയിൽ കൂടെ പോകുന്ന പഴയ ഇരുമ്പ് പൈപ്പ് പൊട്ടി വെള്ളം ലീക്ക് ആകുന്നു. ഇത് പരിഹരിക്കുന്നതിനായി റോഡിന് നടുവിൽ തന്നെ വെട്ടിപ്പൊളിച്ച് തിരികെ മണ്ണിട്ടു മൂടി കോൺക്രീറ്റ് ചെയ്ത് തടി തപ്പുകയാണ് വാട്ടർ അതോറിറ്റി കാർ ചെയ്യുന്നത് . അശാസ്ത്രീയമായി ചെയ്യുന്ന ഈ പണി കൊണ്ട് റോഡിന്റെ തകർച്ചയ്ക്ക് മാത്രമേ കാരണം ആവുന്നുള്ളൂ.
അതുപോലെതന്നെ ഏകോപനം ഇല്ലാത്ത മറ്റൊരു ഡിപ്പാർട്ട്മെന്റ് ആണ് കെഎസ്ഇബി, നിലവിൽ ആധുനികരീതിയിൽ ടാറിങ് ചെയ്യുമ്പോൾ റോഡിന് സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കുവാൻ ഡിപ്പാർട്ട്മെന്റ് തലത്തിൽ ആരും തന്നെ തയ്യാറാകുന്നില്ല. ഒരു അപകടം ഉണ്ടാകുമ്പോൾ മാത്രമാണ് കെഎസ്ഇബി അധികൃതർ എത്തി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനെ പറ്റി ആലോചിക്കുന്നത് തന്നെ. നിലവിലെ സാഹചര്യത്തിൽ ടാറിങ് കഴിഞ്ഞ് റോഡ് വീണ്ടും ഇലക്ട്രിക് പോസ്റ്റ് ഇടാൻ കുത്തി പൊളിക്കേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്.
കോടികൾ മുടക്കി ചെയ്യുന്ന റോഡ് പണിയിൽ പിഡബ്ല്യുഡി,കെഎസ്ഇബി,വാട്ടർ അതോറിറ്റി ഡിപ്പാർട്മെന്റ്കൾ ഒരുമിച്ചിരുന്ന് ചർച്ച ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളു എന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. പരസ്പര ധാരണയില്ലാതെ ടാറിങ് ചെയ്യുന്നത് മൂലം നിരവധി കോടികളാണ് റോഡ് പണി മൂലം നഷ്ടമാകുന്നത്. ദീർഘകാല അടിസ്ഥാനത്തിൽ ആണ് ഓരോ പണിയും സർക്കാർ കരാറുകാരനെ ഏൽപ്പിക്കുന്നത്, എന്നാൽ സർക്കാർ സംവിധാനങ്ങളിലെ ഏകോപനമില്ലായ്മയും, നിരുത്തരപാതിത്വപരമായ നടപടികളും, ജനപ്രതിനിധികളുടെ മൗനവും കൂടിയാകുമ്പോൾ ജനങ്ങളുടെ നികുതിപ്പണം റോഡിൽ ദിശാബോധവും ദീർഘ വീക്ഷണവും ഇല്ലാതെ നശിപ്പിക്കുന്ന കാഴ്ചയാണുള്ളത്.