കോട്ടപ്പടി : കോട്ടപ്പാറ വനമേഖലയോട് ചേർന്ന് കിടക്കുന്ന വടക്കുംഭാഗം, വാവേലി പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. വാവേലിയിൽ കഴിഞ്ഞ രാത്രി കർഷകനായ ആലുമ്മൂട്ടിൽ ബെന്നിയുടെ വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന റബ്ബർ തൈയ്കൾ പിഴുതെടുത്ത് നശിപ്പിക്കുകയും, ഇടവിളയായ ഇഞ്ചിയും മഞ്ഞൾ കൃഷിയും ചവിട്ടി നശിപ്പിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ജനവാസ മേഖലയിലേക്ക് കാട്ടാനയുടെ കടന്ന് വരവ് പ്രദേശവാസികളിൽ ആശങ്കയും ഭീതിയും ഇരട്ടിപ്പിച്ചിരിക്കുകയാണ്. അടുത്തിടെ റബ്ബർ തോട്ടത്തിൽ വെച്ച് കാട്ടാന പശുക്കിടാവിനെ അടിച്ചു കൊന്ന സംഭവവും ഉണ്ടായിരുന്നു.
കൃഷി നാശവും വളർത്തുമൃഗങ്ങളെ കാട്ടാന ആക്രമിക്കലും കൂടി വരുകയാണെന്നും അധികാരികൾ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കാട്ടാന കൃഷി നശിപ്പിച്ചതിന് ലഭിക്കേണ്ട നഷ്ടപരിഹാരം പലപ്പോളും ലഭിക്കാത്തത് കർഷകരെ ദുരിതത്തിലാക്കുന്നു. അധികാരികൾ ഇടപെട്ട് ഇതിന് ഒരു പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യവും ശക്തമാണ്. സംഭവ സ്ഥലം കോട്ടപ്പടി പഞ്ചായത്ത് പ്രിസിഡന്റ് മിനി ഗോപി, വാർഡ് മെമ്പർ സണ്ണി വര്ഗീസ്, പൊതുപ്രവർത്തകൻ ബിനിൽ വാവേലി തുടങ്ങിയവർ സന്ദർശിച്ചു.