കോട്ടപ്പടി : തോളേലി യാക്കോബായ പള്ളിയുടെ ഭാഗത്തുകൂടി ഉപ്പുകണ്ടം പോകുന്ന വഴിയിലുള്ള ഉപഭോക്താക്കൾക്കാണ് കറുത്ത നിറത്തിലുള്ള കുടിവെള്ളം കിട്ടുന്നത്. നിരവധി തവണ ബന്ധപ്പെട്ട അധികാരികളെ ഈ ഭാഗത്തുള്ള വീട്ടുകാർ വിവരം അറിയിച്ചെങ്കിലും പ്രശ്‌നത്തിന് ഇതുവരെ പരിഹാരം ലഭിക്കാത്ത അവസ്ഥയാണുള്ളത്. നാഗഞ്ചേരി നൂലിലി ചിറയിൽ നിന്നും പമ്പ് ചെയ്യുന്ന ജലവിതരണ ശൃംഖലയുടെ അവസാന ഭാഗത്തുള്ള വീട്ടുകാർ ആണ് ഇപ്പോൾ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കൂടാതെ വീടുകളിലെ കുടിവെള്ള സംഭരണ ടാങ്കിലേക്ക് ധൈര്യപൂർവ്വം ശേഖരിക്കാൻ കഴിയാത്ത അവസ്ഥയും ഇവിടുത്തെ വീട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ബന്ധപ്പെട്ട അധികാരികൾ എത്രയും പെട്ടന്ന് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
