കോതമംഗലം: മരത്തിനു മുകളിലിരുന്ന് ചില്ല വെട്ടുന്നതിനിടെ പരിക്കേറ്റ്അബോധാവസ്ഥയിലായ ആളെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സുരക്ഷിതമായി താഴെയിറക്കി. കോട്ടപ്പടി സിൻസിയർ കവലയിൽ കറുകപ്പള്ളി മത്തായിയുടെ പുരയിടത്തിലെ പ്ലാവ് മുറിച്ചു മാറ്റുന്നതിനിടയിൽ മുകളിൽ കുടുങ്ങിയ മൂശാപിള്ളി ഗോപിയെ ആണ് സാഹസികമായി താഴെയിറക്കിയത്. കൊമ്പ് മുറിച്ചു മാറ്റുന്നതിനിടയിൽ കാലിൽ വടം ചുറ്റി കാൽമുട്ടിന്റെ കുഴ തെറ്റിയ ഗോപിക്ക് ബോധം നഷ്ടപ്പെടുകയായിരുന്നു. പരിസരവാസികൾ പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ കോട്ടപ്പടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സംഭവത്തിന്റെ ഗൗരവം മനസിലാക്കി കോതമംഗലം ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു.
ഫയർഫോഴ്സും റെസ്ക്യൂ വാഹനവും വൈകാതെ സ്ഥലത്തെത്തി. സേനാംഗങ്ങളായ ഷംസുദീൻ, നൗഷാദ്, ബിപിൻ, അൻവർ എന്നിവർ മരത്തിൽ കയറി ലാഡർ, നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് ഗോപിയെ സുരക്ഷിതമായി താഴെ ഇറക്കി സേനയുടെ ആംബുലൻസിൽ തന്നെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സീനിയർ ഫയർ ഓഫിസർ ബി.സി. ജോഷിയുടെ നേതൃത്വത്തിൽ ടി.പി. റഷീദ്, വിൽസൺ. പി. കുര്യാക്കോസ്, ശംഭു, അൻഷാദ്, സൽമാൻ എന്നീ സേനാംഗങ്ങളും രക്ഷാ ദൗത്യത്തിൽ പങ്കെടുത്തു. കോട്ടപ്പടി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ സിജുവിന്റെ നേതൃത്വത്തിലുള്ള സംഘം എല്ലാ സഹായങ്ങളും നൽകി.