കോതമംഗലം : കോവിഡ് കാലത്ത് സഹജീവികൾക്ക് നൽകുന്ന സേവനങ്ങൾ ദൈവാനുഗ്രഹം സ്വന്തമാക്കാനുള്ള വഴികൾ ആണെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. മാനവചരിത്രത്തിലെ നിർണായകമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഓരോരുത്തർക്കും സഹജീവികൾക്ക് കരുതൽ ആകാനുള്ള വിളിയും ദൗത്യവും ഉണ്ടെന്ന് ബിഷപ്പ് ഓർമിപ്പിച്ചു. കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളിയിലെ ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന് ഫലകം നൽകി സംസാരിക്കുകയായിരുന്നു ബിഷപ്പ്.
കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളിയിലെ ഡിസാസ്റ്റർ മാനേജ്മെന്റ് ടീം നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനീയം ആണെന്ന് അദ്ദേഹം പറഞ്ഞു. ജീവന്റെ കരുതൽ ആകാൻ ഉള്ള വിളി ദൈവീകമായ വിളിയാണ്. ദൈവത്തോട് ചേർന്ന് ശുശ്രൂഷകൾ നിർവഹിക്കുമ്പോൾ ദൈവാനുഗ്രഹവും ദൈവീക സംരക്ഷണവും ലഭിക്കും. എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസാസ്റ്റർ ടീമിലുള്ള 25 അംഗങ്ങൾക്ക് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഫലകം വിതരണം ചെയ്തു. വികാരി ഫാദർ റോബിൻ പടിഞ്ഞാറേകുറ്റ്, ഡീക്കൻ ലിജോ കുമ്പിളിമൂട്ടിൽ, കോ-ഓർഡിനേറ്റർ ലൈജു ലൂയിസ്, പി ആർ ഒ ജെറിൽ ജോസ്, ഡെറ്റി സാബു തുടങ്ങിയവർ പ്രസംഗിച്ചു.