കോട്ടപ്പടി : കൗതുകത്തിന്റെ പുറത്തു മൊബൈലിൽ യൂട്യൂബ് നോക്കി ചാരായം വാറ്റുന്നതിനിടെ നാലു യുവാക്കൾ കോട്ടപ്പടി പോലീസിന്റെ പിടിയിലായി. പ്രഷർ കുക്കറും എസിയുടെ കംപ്രസർ ട്യൂബും പാചകവാതക സിലിണ്ടറും ഉപയോഗിച്ച് വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് അടുക്കളയിൽവച്ച് ചാരായം വാറ്റുന്നതിനിടെയാണ് സംഘം പിടിയിലായത്. റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യസന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോട്ടപ്പടി പോലീസ് റെയ്ഡ് നടത്തിയത്. കോട്ടപ്പടി പ്ലാവിൻചുവട് വടോട്ടുമാലിൽ പ്രദീപ് (32), പ്ലാമുടി കോളശേരി രഞ്ജിത് (34), ചേറങ്ങനാൽ ചെറുപുറം ബിബിൻ (26), ചേറങ്ങനാൽ കല്ലുമാലിക്കൽ ലിറ്റു (28) എന്നിവരാണ് അറസ്റ്റിലായത്. ചാരായവും വാഷും വാറ്റ് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ശനിയാഴ്ച്ച രാത്രി പത്തു മണിയോടുകൂടി പ്രദീപിന്റെ വീട്ടിൽ വെച്ചാണ് ചാരായം വാറ്റിയത്.
വാറ്റിയെടുക്കുന്നത് അപ്പോൾ തന്നെ കുടിച്ചു തീർക്കുകയായിരുന്നെന്നും ഇതിനാൽ 100 മില്ലി ലിറ്റർ ചാരായം മാത്രമാണ് ഇവിടെ നിന്നു ലഭിച്ചതെന്നും കോട്ടപ്പടി സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് സി പറഞ്ഞു. റെയ്ഡിൽ സബ് ഇൻസ്പെക്ടർ സബ് എം പീറ്റർ , സീനിയർ സിപിഒ അബ്ദുൽ കരിം ,പ്രദീപ് കുമാർ, കരിം സി.എം , സിപിഒമാരായ ജിജോ വര്ഗീസ് , രഞ്ജിത് ,ഷിബു ജോൺ , സിദ്ധിക്ക് സി.എം തുടങ്ങിയവർ പങ്കെടുത്തു. പ്രദീപ് കുറുപ്പംപടിയിലെ ഒരു ബാർ ഹോട്ടലിലെ ജീവനക്കാരനാണ്. ഇയാൾ നിരവധി കേസിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.